കൊച്ചി.കിഴക്കേക്കോട്ടയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും കാൽനടയാത്ര സുരക്ഷിതമാക്കാനും ഹ്രസ്വകാല, ദീർഘകാല നടപടികൾക്കു നിർദ്ദേശവുമായി ഹൈക്കോടതി. ഗതാഗത കമ്മിഷണർ സമർപ്പിച്ച മന്ത്രിതല യോഗ തീരുമാനങ്ങളടക്കം കണക്കിലെടുത്താണിത്. ചാല ബസ്ബേയിലും പഴയങ്ങാടിയിലും രണ്ട് കാൽനട മേൽപ്പാലങ്ങൾ രണ്ടുമാസത്തിനകം നിർമ്മിക്കണമെന്നും സ്കൈ‌വാക്ക് വഴി ബന്ധിപ്പിക്കണമെന്നുമാണ് പ്രധാന നിർദ്ദേശം. മണക്കാട് സ്വദേശി സുബ്രഹ്മണ്യ ശർമയടക്കം നൽകിയ പൊതുതാത്പര്യ ഹർജികൾ തീർപ്പാക്കിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

മറ്റ് ഹ്രസ്വകാല

നിർദ്ദേശങ്ങൾ

 ഫുട്പാത്ത് ടൈലുകൾ,സിഗ്നലുകൾ, മാർക്കിംഗ് സംവിധാനങ്ങൾ എന്നിവ 4 മാസത്തിനകം അറ്റകുറ്റപ്പണി ചെയ്യണം

 കിഴക്കോകോട്ടയിൽ യാത്ര അവസാനിപ്പിക്കുന്ന ബസുകളുടെ നിയമലംഘനം തടയാനുള്ള നിർദ്ദേശങ്ങൾ രണ്ടാഴ്ചയ്‌ക്കകം ട്രാഫിക് ഉദ്യോഗസ്ഥർക്ക് നൽകണം. ഏകോപനത്തിന് ഒരു ഓഫീസറെ നിയോഗിക്കണം.

ദീർഘകാല നടപടികൾ

 കിഴക്കേകോട്ട ബസ് സ്റ്റാൻഡ് മാറ്റി സ്ഥാപിക്കൽ,സ്ഥലമേറ്റെടുക്കൽ,കൈയേറ്റ മൊഴിപ്പിക്കൽ എന്നീ നിർദ്ദേശങ്ങളുടെ സാദ്ധ്യത പരിശോധിച്ച് രണ്ടു മാസത്തിനകം തീരുമാനമെടുക്കണം

 ഇത് പ്രായോഗികമല്ലെങ്കിൽ ഉചിതമായ ബദൽ പദ്ധതി നടപ്പാക്കണം