കൊച്ചി: ജയിൽപ്പുള്ളികൾക്കല്ല, കുട്ടികൾക്കാണ് മികച്ച ഭക്ഷണം ലഭ്യമാക്കേണ്ടതെന്ന് നടൻ കുഞ്ചാക്കോ ബോബൻ പറഞ്ഞു. വിദ്യാലയങ്ങളിൽ ലഭിക്കുന്നതിനേക്കാൾ നല്ല ഭക്ഷണം ജയിലുകളിൽ തടവുകാരാണ് കഴിക്കുന്നത്. കുറ്റവാളികളെ വളർത്താനല്ല, കുറ്റമറ്റവരെ സംരക്ഷിക്കാനാകണം സർക്കാരിന്റെ മുൻഗണനയെന്ന് അദ്ദേഹം പറഞ്ഞു. തൃക്കാക്കര മണ്ഡലത്തിലെ 28 സ്‌കൂളുകളിലെ 7,081 കുട്ടികൾക്കായി ഉമാ തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രഭാതഭക്ഷണ പദ്ധതിയായ 'സുഭിക്ഷം തൃക്കാക്കര' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി.ടി തോമസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ബി.പി.സി.എല്ലിന്റെ സാമൂഹിക പദ്ധതിയുടെ ഭാഗമായി 98 ലക്ഷം രൂപ ചെലവിൽ 165 അദ്ധ്യയനദിവസമാണ് പദ്ധതി നടപ്പാക്കുന്നത്.
ചടങ്ങിൽ ഉമാ തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ രാധാമണി പിള്ള, ബി.പി.സി.എൽ എക്‌സിക്യുട്ടീവ് ഡയറക്ടർ എം. ശങ്കർ, സീനിയർ മാനേജർ ജോർജ് തോമസ്, വിദ്യാഭ്യാസ ഡയറക്ടർ സുബിൻ പോൾ, കൗൺസിലർ പയസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.