കോലഞ്ചേരി: പതിനാല് കോടിയുടെ നീക്കിയിരിപ്പുമായി ഐക്കരനാട് പഞ്ചായത്തിൽ വികസനവും ക്ഷേമവും സമാധാനവും ഉറപ്പാക്കാൻ സാധിച്ചുവെന്ന് ട്വന്റി 20 പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു. കോലഞ്ചേരി ഹിൽടോപ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച പഞ്ചായത്തിലെ പാർട്ടി ഭാരവാഹികളുടെ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തിൽ എല്ലാ വികസന പ്രവർത്തനങ്ങളും അഴിമതിരഹിതമായി നടത്തിയതുകൊണ്ടാണ് 14കോടിരൂപ നീക്കിയിരിപ്പുണ്ടായത്. ജനങ്ങളുടെ പണമാണിത്. അവർക്ക് തിരികെ നൽകുന്നതിനുള്ള ക്ഷേമപദ്ധതികൾ സർക്കാരിന് സമർപ്പിച്ച് അനുവാദത്തിന് കാത്തിരിക്കുകയാണ്. ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ മുഴുവൻ വീടുകളുടെയും വൈദ്യുതിക്കും പാചകവാതകത്തിനും 25 ശതമാനം കിഴിവും സൗജന്യ കൊതുക് ബാറ്റും നൽകുന്നതിനാണ് ഉദ്ദേശിക്കുന്നത്. പിന്നീട് 50 ശതമാനമായി ഉയർത്തും. 6230 ഇലക്ടിക് പോസ്റ്റുകളിൽ ബൾബുകൾ, അപേക്ഷിച്ചവർക്കെല്ലാം കുടിവെള്ള കണക്ഷൻ, മുഴുവൻ റോഡുകളും കുഴിരഹിതമാക്കി, ജലസ്രോതസുകൾ ശുദ്ധീകരിച്ചിട്ടുമുണ്ട്. വരുന്ന തിരഞ്ഞെടുപ്പിൽ കൂടുതൽ പഞ്ചായത്തുകളിലും കോർപ്പറേഷനിലും മത്സരിക്കുമെന്നും സാബു പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഗോപകുമാർ, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്, വൈസ് പ്രസിഡന്റ് പ്രസന്ന പ്രദീപ്, അഡ്വ. ചാർളി പോൾ, ജോബി വർഗീസ്, രാജു മാത്യു, വി.എസ്. കുഞ്ഞുമുഹമ്മദ്, അഗസ്റ്റിൻ ആന്റണി, ബിജോയ് ഫിലിപ്പ്, സനകൻ പുരുഷോത്തമൻ, ജിബി അബ്രഹാം, ഡോ. ജോർജ് പോൾ, ദീപക് രാജൻ, ജിന്റോ ജോർജ്, പി.വൈ. അബ്രഹാം എന്നിവർ സംസാരിച്ചു.