കൂത്താട്ടുകുളം: എൽ.ഡി.എഫ് കൗൺസിലറെ സി.പി.എം തട്ടിക്കൊണ്ടു പോയതിനെ തുടർന്ന് വിവാദത്തിലായ അവിശ്വാസ പ്രമേയത്തിന് ശേഷം ഇന്ന് വീണ്ടും കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ ചർച്ച.
ജനുവരി 18നാണ് നഗരസഭാ അദ്ധ്യക്ഷയ്‌ക്കും ഉപാദ്ധ്യക്ഷനുമെതിരെ യു.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുന്നതും കൗൺസിലർ കലാ രാജുവിനെ നടുറോഡിൽ നിന്ന് തട്ടിക്കൊണ്ടു പോയതും. പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെയായിരുന്നു തട്ടിക്കൊണ്ടുപോകൽ.
ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാനാണ് യു.ഡി.എഫ് വീണ്ടും അവിശ്വാസ പ്രമേയവുമായി വരുന്നതെന്ന് എം.എൽ.എമാരായ അഡ്വ. അനൂപ് ജേക്കബ്, അഡ്വ. മാത്യു കുഴൽനാടൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൈയൂക്കിലൂടെയും മർദ്ദനോപാധികളിലൂടെയും ജനാധിപത്യം തകർക്കാൻ സി.പി.എം മുന്നിട്ടിറങ്ങുമ്പോൾ ജനാധിപത്യ സംരക്ഷണത്തിനായി കോൺഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും എം.എൽ.എമാർ വ്യക്തമാക്കി. അക്രമികളോട് മുൻപുണ്ടായിരുന്ന മൃദുസമീപനം തന്നെയാണ് പൊലീസ് സ്വീകരിക്കുന്നതെങ്കിലും അക്രമവും ഗുണ്ടായിസവും കാട്ടിയാലും ഓടിയൊളിക്കാൻ തയ്യാറല്ലെന്നും അവർ കൂട്ടിച്ചേർത്തു.
പിറവം മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിൽസൺ കെ. ജോൺ, മണ്ഡലം പ്രസിഡന്റ് റെജി ജോൺ, പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, കൗൺസിലർമാരായ അഡ്വ. ബോബൻ വർഗീസ്, സിബി കൊട്ടാരം, പി.സി. ഭാസ്കരൻ, ബേബി കീരാന്തടം, ജിജോ ടി. ബേബി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ജനങ്ങളോടുള്ള വെല്ലുവിളി: സി.പി.എം
കൂത്താട്ടുകുളം: യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഇന്ന് അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സി.പി.എം ആരോപിച്ചു. ഭരണസമിതിയുടെ കാലാവധി തീരാൻ ആഴ്ചകൾ മാത്രം ബാക്കിയിരിക്കെ ഭരണ പ്രതിസന്ധി സൃഷ്ടിച്ച് വികസന പ്രവർത്തനങ്ങൾ തടയുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം.
ഈ ഭരണസമിതിയുടെ അവസാന സാമ്പത്തിക വർഷം എന്ന നിലയിൽ 23 കോടിയുടെ വികസന പദ്ധതികളുമായാണ് ഭരണസമിതി മുന്നോട്ടുപോകുന്നത്. ഈ പദ്ധതികളെ ഇല്ലാതാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്.
ജന ജീവിതവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാതലായ വിഷയം ഉയർത്തിക്കൊണ്ടുവരാൻ യു.ഡി.എഫിന് ഇന്നേവരെ കഴിഞ്ഞിട്ടില്ല. കുതിരക്കച്ചവടം നടത്തി ഏത് വിധേനയും ഭരണം പിടിക്കുക എന്നത് മാത്രമാണ് യു.ഡി.എഫിന്റെ ലക്ഷ്യം.
യു.ഡി.എഫ് ആസൂത്രണം ചെയ്തിട്ടുള്ള അവിശ്വാസപ്രമേയത്തെയും കുതിരക്കച്ചവടത്തെയും ചെറുത്ത് ജനാധിപത്യം സംരക്ഷിക്കാൻ ജനങ്ങൾ രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നതായും വർത്താസമ്മേളനത്തിൽ എൽ.ഡി.എഫ് കൂത്താട്ടുകുളം മുനിസിപ്പൽ കമ്മിറ്റി അറിയിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പി.ബി. രതീഷ്, സി.എൻ. പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, കെ. ചന്ദ്രശേഖരൻ, ബിജോ പൗലോസ്, വിജയ ശിവൻ, ഫെബീഷ് ജോർജ്, അരുൺ അശോകൻ എന്നിവർ പങ്കെടുത്തു.