മട്ടാഞ്ചേരി: യൂസർ ഫീ ഈടാക്കുന്നതിന് പുറമേ ക്ഷേമനിധി വിഹിതം കൂടി അടയ്ക്കണമെന്ന ഫിഷറീസ് വകുപ്പിന്റെ തീരുമാനം കൊച്ചി ഫിഷറീസ് ഹാർബറിലെ ഇതര സംസ്ഥാന ഗിൽനെറ്റ് ബോട്ടുകളുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കുന്നു. യൂസർ ഫീയായി ഇരുപത്തിയയ്യായിരം രൂപയാണ് തുത്തൂർ, ചിന്നതുറ, വള്ളുവിള എന്നിവിടങ്ങളിലെ ബോട്ടുകൾ അടച്ചിരുന്നത്. നേരത്തേ ഈ തുക ക്ഷേമനിധിയിലേക്കാണ് അടച്ചിരുന്നത്. എന്നാൽ 2022ൽ ഫിഷറീസ് വകുപ്പ് തുക ക്ഷേമനിധിയിലേക്ക് അല്ലെന്നും യൂസർ ഫീയാണെന്നും അറിയിച്ചതോടെയാണ് യൂസർ ഫീയായി അടച്ച് പോന്നത്. ഇപ്പോൾ യൂസർ ഫീക്ക് പുറമേ ഇരുപത്തിയയ്യായിരം രൂപ ക്ഷേമ നിധിയിലേക്കും അടക്കണമെന്നും അല്ലെങ്കിൽ ഇവിടെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നുമാണ് അധികൃതർ പറയുന്നത്. ഇന്ധന വില വർദ്ധനവും മത്സ്യലഭ്യത കുറവും മൂലം ബോട്ടുകൾ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ അമ്പതിനായിരം രൂപ നൽകി ബോട്ടുകൾക്ക് പ്രവർത്തിക്കാൻ കഴിയില്ലെന്നാണ് ഹാർബറിലെ ബയിംങ് ഏജന്റ്സും തൊഴിലാളികളും പറയുന്നത്. മാസം അഞ്ഞൂറോളം ബോട്ടുകൾ കയറിയിരുന്നിടത്ത് ഇപ്പോൾ നൂറിൽ താഴെ ബോട്ടുകളാണ് കയറുന്നത്. ബോട്ടുകൾ അയൽ സംസ്ഥാനങ്ങളിലേക്ക് പോകുന്ന സാഹചര്യമാണ്.
ബോട്ടുകളുടെ ക്ഷേമ നിധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെ.ജെ. മാക്സി എം.എൽ.എയുടെ നേതൃത്വത്തിൽ ഹാർബർ പ്രതിനിധി സംഘം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല.
ക്ഷേമ നിധി അടക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഒരു ഗിൽനെറ്റ് ബോട്ട് ഫിഷറീസ് അധികൃതർ പിടികൂടിയിരുന്നു. ബയിംഗ്ഏജന്റ്‌സ് അസോസിയേഷൻ ഇടപെട്ടതിനെ തുടർന്ന് ബുധനാഴ്ച വരെ സമയം അനുവദിച്ചിരിക്കുകയാണ് ഫിഷറീസ് അധികൃതർ. ക്ഷേമ നിധി തുക ഒഴിവാക്കാൻ ഫിഷറീസ് വകുപ്പ് നടപടി സ്വീകരിക്കണം
എ.എം. നൗഷാദ്,
എം. മജീദ്,
ബയിംഗ് ഏജന്റ്‌സ്
അസോസിയേഷൻ