nh
ദേശീയപാതയിൽ തോട്ടക്കാട്ടുകരയിൽ ദേശീയപാതയിലെ അപകട ഭീഷണിയായ പഴയ മീഡിയൻ

ആലുവ: ദേശീയപാതയിൽ തോട്ടക്കാട്ടുകയിലെ പഴയറോഡിലെ മീഡിയൻ നീക്കാത്തത് അപകടക്കെണിയൊരുക്കുന്നു. രാപകൽ വ്യത്യാസമില്ലാതെ നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്.

അങ്കമാലിയിലേക്കുള്ള പാതയിൽ തോട്ടക്കാട്ടുകര ട്രാഫിക് സിഗ്നൽ കഴിഞ്ഞ ഉടനെയാണ് ദേശീയപാതയുടെ പഴയറേഡിൽ നേരത്തെയുണ്ടായിരുന്ന മീഡിയൻ അപകടഭീതി ഉയർത്തുന്നത്. ഈ ഭാഗത്തെ വളവ് നിവർത്തുന്നതിനായി റോഡ് കുറച്ച് വലത്തേക്ക് നീക്കിയിരുന്നു. പഴയ റോഡിലെ ആലുവയിലേക്കുള്ള പാതയാണ് വളവ് നിവർത്തിയപ്പോൾ അങ്കമാലി പാതയായി മാറിയത്. ഇതേത്തുടർന്നാണ് 100 മീറ്ററോളം നീളത്തിൽ പഴയ മീഡിയനും നാല് അടിയോളം ഉയരമുള്ള ഇരുമ്പ് ഗ്രില്ലും അവശേഷിച്ചത്. വർഷങ്ങൾ പിന്നിട്ടിട്ടും ഇത് നീക്കംചെയ്യാൻ ദേശീയപാത അധികൃതർ തയ്യാറായിട്ടില്ല.

അപരിചിതരായ വാഹനഡ്രൈവർമാരാണ് ഇവിടെ കൂടുതലായും അപകടത്തിൽപ്പെടുന്നത്. പലപ്പോഴും മീഡിയനിലേക്ക് വാഹനം ഇടിച്ചുകയറുകയാണ്. ഇതേത്തുടർന്ന് മീഡിയന് മുകളിലുള്ള ഇരുമ്പ് ഗ്രില്ല് കുറേഭാഗം നശിച്ചു. ട്രാഫിക് സിഗ്നൽ കഴിഞ്ഞാൽ വാഹനങ്ങളുടെ കുത്തൊഴുക്കാണിവിടെ. ദേശീയപാതയുടെ പുതിയ റോഡിലൂടെയും പഴയ റോഡിലൂടെയും വാഹനങ്ങൾ ചീറിപ്പായും. കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ പോലുമാകില്ല. പഴയ റോഡിലൂടെയും പുതിയ റോഡിലൂടെയും പാഞ്ഞെത്തുന്ന വാഹനങ്ങൾ പിന്നീട് പുതിയ റോഡിൽ സംഗമിക്കുമ്പോൾത്തന്നെ കുരുക്കാരംഭിക്കും. പറവൂർകവലയിലെ സിഗ്നൽ കഴിയുന്നതുവരെ കുരുക്കുണ്ടാകും.


നടപ്പാകാതെ യുടേണും ഫ്രീലെഫ്റ്റും

തോട്ടക്കാട്ടുകര കവലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പഴയ മീഡിയൻ നീക്കംചെയ്ത് സൗകര്യമൊരുക്കിയശേഷം യുടേൺ സ്ഥാപിക്കുമെന്ന് മന്ത്രി കെ.ബി. ഗണേശ്‌‌കുമാർ ഒരുവർഷം മുമ്പ് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. കടുങ്ങല്ലൂർ ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾ നേരിട്ട് ദേശീയപാത മുറിച്ചുകടക്കാതെ ഇടത്തേക്ക് തിരിഞ്ഞശേഷം യുടേൺ ചെയ്ത് ആലുവ ഭാഗത്തേക്ക് പോകുന്നതിന് നടപടിയെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനൊപ്പം മണപ്പുറം റോഡിൽ ഫ്രീലെഫ്റ്റും പ്രഖ്യാപിച്ചിരുന്നു. രണ്ടും നടന്നില്ല.

അപകടാവസ്ഥയിലുള്ള മീഡിയൻ നീക്കണം

ദേശീയപാതയിൽ തോട്ടക്കാട്ടുകരയിലെ അപകടഭീഷണി ഉയർത്തുന്ന പഴയ മീഡിയൻ നീക്കംചെയ്യണം. ഇതു സംബന്ധിച്ച് ദേശീയപാത അതോറിട്ടിക്ക് പരാതി നൽകും

ജെറോം മൈക്കിൾ,

മുൻ കൗൺസിലർ