കൊച്ചി: വാറന്റി കാലവിനുള്ളിൽ തകരാറിലായ സോളാർ പ്ലാന്റ് നന്നാക്കാത്തതിന് ഉപഭോക്താവിന് 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.
2018ൽ തൃശൂരിലെ സൗര നാച്ചുറൽ എനർജി സൊല്യൂഷൻസിൽ നിന്ന് തേവരയിലെ വിദ്യോദയ സ്കൂൾ 13.36 ലക്ഷം രൂപ മുടക്കി വാങ്ങിയ പ്ലാന്റിന്റെ ഇൻവെർട്ടറാണ് 2023 ഒക്ടോബർ പണിമുടക്കിയത്. അഞ്ച് വർഷമായിരുന്നു വാറന്റി. ഇൻവെർട്ടർ നന്നാക്കുകയോ മാറ്റി നൽകുകയോ ചെയ്തില്ല. പിന്നീട് ഇൻവെർട്ടർ കൊണ്ടുപോയെങ്കിലും വാറന്റി കാലഹരണപ്പെട്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടു. വാറന്റി വ്യവസ്ഥകൾ പാലിച്ചില്ലെന്നും സേവനത്തിലെ ഗുരുതരമായ വീഴ്ചയാണെന്നും ഡി.ബി ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.
സ്കൂളിന് 2,50,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 5,000 രൂപയും 45 ദിവസത്തിനകം നൽകണം.