പറവൂർ: അങ്കണവാടിയിൽ കളിപ്പാട്ടം സൂക്ഷിച്ചിരുന്ന ഷെൽഫിൽ മൂർഖൻ പാമ്പ്. കുട്ടികൾക്ക് കളിപ്പാട്ടം എടുത്ത് കൊടുക്കുന്നതിനിടെയാണ് അടപ്പില്ലാത്ത ഷെൽഫിൽ മൂർഖനെ കണ്ടത്. പാമ്പിനെ കണ്ട അങ്കണവാടി ടീച്ചർ ആനി നിലവിളിച്ച്, തലചുറ്റി വീണു. കുട്ടികൾ ഷെൽഫിന് അടുത്തേക്ക് ഓടിയെത്തി. കുട്ടികളെ വാരിയെടുത്ത് ഓടുന്നതിനിടയിൽ സഹായി സുനിതയ്ക്കും വീണു പരിക്കേറ്റു.കരുമാല്ലൂർ പഞ്ചായത്തിലെ തടിക്കക്കടവ് 121-ാം നമ്പർ അങ്കണവാടിയിൽ ഇന്നലെ രാവിലെ 11നാണ് സംഭവം.ആകെ 13 കുട്ടികളുള്ള അങ്കണവാടിയിൽ ഇന്നലെ 9 പേർ എത്തിയിരുന്നു.
വനംവകുപ്പിന്റെ സർപ്പ ടീമംഗം ആലങ്ങാട് സ്വദേശി വി.കെ. രേഷ്‌ണു മൂർഖനെ പിടികൂടി.
വെളിയത്തുനാട് തടിക്കക്കടവ് പാടശേഖരത്തോട് ചേർന്നുള്ള അഞ്ച് സെന്റിലാണ് കെട്ടിടം. മൂന്ന് ഭാഗവും പാടമാണ്. സർപ്പ ടീമിന്റെ നേതൃത്വത്തിൽ ഇന്ന് അങ്കണവാടിയിലും പരിസരത്തും പരിശോധന നടത്തും.