കൊച്ചി: ഇൻഫോ പാർക്ക് മൂന്നാം ഘട്ടത്തിനായി സ്ഥലം കണ്ടെത്താൻ കിഴക്കമ്പലം, കുന്നത്തുനാട് വില്ലേജുകളിലായി ആയിരം ഏക്കറോളം ഭൂമിയുടെ പൂളിംഗ് നടപടികൾക്ക് ഉടനെ വിജ്ഞാപനമിറങ്ങും. 300 ഏക്കറാണ് വേണ്ടതെങ്കിലും ഉടമകളുടെ സഹകരണത്തോടെ കൂടുതൽ ഭൂമി സമാഹരിക്കാനാണ് നീക്കം. അനുയോജ്യമായ ഭൂമികൾ അധികാര പരിധിക്ക് പുറത്തായതിനാൽ പ്രത്യേക ചുമതല നൽകി സർക്കാർ ഉത്തരവിറങ്ങിയതാണ് വഴിത്തിരിവായത്.
പൂൾ ചെയ്ത ഭൂമിയിൽ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കിയ ശേഷം നിശ്ചിത ശതമാനം ഭൂമി തിരികെ ഭൂ ഉടമകൾക്ക് നൽകും. 75 ശതമാനം ഭൂഉടമകളുടെ സമ്മതം ലഭിച്ചില്ലെങ്കിൽ വേറെ ഭൂമി കണ്ടെത്തും. പാർപ്പിട സൗകര്യങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, കായിക-സാംസ്കാരിക സംവിധാനങ്ങൾ, വിനോദ ഇടങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ ഇവിടെ സജ്ജീകരിക്കും.
ഇൻഫോപാർക്ക് രണ്ട് ഘട്ടങ്ങളിലെ കെട്ടിടങ്ങളും പൂർണമായും നിറഞ്ഞു കഴിഞ്ഞ സാഹചര്യത്തിൽ പ്രായോഗിക പ്രശ്‌നങ്ങളൊന്നുമില്ലാത്ത മാതൃകാ ഐ.ടി പാർക്കായി മൂന്നാം ഘട്ടത്തെ സജ്ജമാക്കുകയാണ് ലക്ഷ്യം. ലാൻഡ് പൂളിംഗ് പ്രഖ്യാപനം നടന്നതിനു ശേഷം നിക്ഷേപങ്ങൾക്കായി ഭൂമി അന്വേഷണവും വർദ്ധിച്ചിട്ടുണ്ട്.
• മാപ്പുകൾ റെഡി
അതിർത്തികൾ, ഭൂ ഉപയോഗം, ലാൻഡ് റെക്കോർഡ്സ്, ഫ്ലഡ് അനാലിസിസ്, വാട്ടർ ഷെഡ്, ഗതാഗത കണക്ടിവിറ്റി എന്നീ വിവരങ്ങൾ ശേഖരിച്ച് ജി.സി.ഡി.എ മാപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
മൂന്നാം ഘട്ടത്തിൽ ആറ് ഘടകങ്ങൾ
• കാർബൺ ന്യൂട്രൽ,
• ജലവിഭവ സ്വയംപര്യാപ്‌തത
• പൂർണമായ മാലിന്യ നിർമ്മാർജ്ജനം
• എൻ.എച്ച്, റെയിൽ, എയർപോർട്ട് കണക്ടിവിറ്റി
• ഐൽടി പാർക്ക്
• മറ്റ് സ്ഥാപനങ്ങളെ ബുദ്ധിമുട്ടിക്കാത്ത അറ്റകുറ്റപ്പണി സംവിധാനം
ലാൻഡ് പൂളിംഗ് നടപടിക്രമം
• ആദ്യഘട്ട വിജ്ഞാപനം ആദ്യപടി
• ഭൂ ഉടമകളുടെ യോഗം
• 75% ഭൂമിയുടെ ഉടമകളുടെ സമ്മതം
• അന്തിമ പദ്ധതി തയ്യാറാക്കൽ