metro
യു.പി.ഐ ബന്ധിത ടിക്കറ്റ് വെൻഡിംഗ് മെഷിൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ സി. നാഗരാജു ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണം മുൻ നിശ്ചയിച്ചതിലും മൂന്ന് മാസത്തിലേറെ പിന്നിലാണ് നടക്കുന്നതെന്ന് സമ്മതിച്ച് കെ.എം.ആർ.എൽ. നിർമ്മാണം 100 ദിവസം പിന്നിലാണെന്ന് എം.ഡി ലോക്‌നാഥ് ബെഹ്‌റ സമ്മതിച്ചു. എന്നാൽ, ഇത് കരാറുകാരുടെയോ കെ.എം.ആർ.എല്ലിന്റെയോ പ്രശ്‌നങ്ങൾ കൊണ്ടല്ലെന്നും അദ്ദേഹം ന്യായീകരിച്ചു. നിർമ്മാണം നടക്കുന്ന കാക്കനാട് പാതയിലെ കുടിവെള്ള പൈപ്പ് ലൈനുകളും വൈദ്യുതി ലൈനുകളും നീക്കുന്നിന് ഏറെ ,​സമയമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

നിർമ്മാണം അതിവേഗത്തിലാക്കുന്നതിന് നിർമ്മാണത്തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിക്കാൻ കരാർ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് സ്റ്റേഷനുകളുടെ നിർമ്മാണം 2026ജൂണ്‌ 30ന് മുന്നേയും അടുത്ത അഞ്ച് സ്റ്റേഷനുകളുടെ നിർമ്മാണം 2026 ഡിസംബർ 31ന് മുന്നേയും പൂർത്തിയാക്കും.

റോഡ് നവീകരിക്കും

നിർമ്മാണം നടക്കുന്ന കാക്കനാട് റൂട്ടിലെ പ്രധാന പാതയിലെ ഗതാഗത കുരുക്ക് പരിഹരിക്കും. റോഡിലെ തകർന്ന ഭാഗങ്ങൾ നവീകരിക്കും. പൂർണമായ നവീകരണം മെട്രോ നിർമ്മാണത്തിനു ശേഷം മാത്രം. അതുവരെ എല്ലാവരും ചെറിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കും. റോഡിലെ ട്രാഫിക് വാർഡൻമാരുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇവരുടെ എണ്ണം ഇനിയും കൂട്ടും. മോട്ടോർ വാഹന വകുപ്പ്, പൊലീസ് എന്നിവരുടെ സഹായം തേടാനുള്ള ഒരുക്കത്തിലാണ് കെ.എം.ആർ.എൽ.


കാഷ്ലെസ് ടിക്കറ്റ് വെൻഡിംഗ് മെഷിൻ പ്രവർത്തനം തുടങ്ങി

യാത്രക്കാർക്ക് കൗണ്ടറിൽ ക്യൂ നിൽക്കാതെ യു.പി.ഐ വഴി പണമടച്ച് ടിക്കറ്റെടുക്കാൻ സൗകര്യം നൽകുന്ന ടിക്കറ്റ് വെൻഡിംഗ് മെഷിൻ മെട്രോ സ്റ്റേഷനുകളിൽ പ്രവർത്തനം തുടങ്ങി. ജെ.എൽ.എൻ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ട്രാൻസ്പോർട്ട് കമ്മീഷണർ സി. നാഗരാജു മെഷിൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്റ,​ ഡയറക്ടർമാരായ സഞ്ജയ് കുമാർ (സിസ്റ്റംസ്) , ഡോ.എം.പി. രാം നവാസ്, (പ്രോജക്ട്സ്), ചീഫ് ജനറൽ മാനേജർമാരായ എ. മണികണ്ഠൻ, ഷാജി ജനാർദ്ദനൻ തുടങ്ങിയവർ പങ്കെടുത്തു.

കൊച്ചി വൺ മൊബൈൽ ആപ്, വാട്സാപ്, ഗൂഗിൾ വാലറ്റ് എന്നിവ വഴിയും പേയ് ടിഎം, ഫോൺപേ, റെഡ്ബസ്, ടുമോക്, യാത്രി, ഈസി മൈ ട്രിപ്പ്, ടെലിഗ്രാം ( മൈ മെട്രോ കൊച്ചി), കേരള സവാരി തുടങ്ങിയവ വഴിയും ഇപ്പോൾ ടിക്കറ്റ് എടുക്കാം. വാട്സാപ്, ഗൂഗിൾ വാലറ്റ് അധിഷ്ഠിത ടിക്കറ്റിംഗ് സംവിധാനവുമുണ്ട്.

ടിക്കറ്റെടുക്കാൻ

യാത്ര ചെയ്യേണ്ട സ്റ്റേഷൻ ടിക്കറ്റ് വെൻഡിംഗ് മെഷിനിൽ സെലക്ട് ചെയ്യുക

ക്യൂ.ആർ സ്‌കാൻ ചെയ്ത് പണമടക്കണം

ഉടൻ ടിക്കറ്റ് ലഭിക്കും

കറൻസി നൽകിയും ടിക്കറ്റെടുക്കാം

ഭിന്നശേഷി സൗഹൃദമെഷിനാണ് ക്രമീകരിച്ചിരിക്കുന്നത്