കൊച്ചി: ഭിന്നശേഷി സൗഹൃദ അന്തരീക്ഷം ഒരുക്കുമ്പോൾ ഭൗതിക സാഹചര്യങ്ങളിൽ മാത്രം മാറ്റം വന്നാൽ പോരെന്നും നമ്മുടെ മനോഭാവങ്ങളിലും മാറ്റം വേണമെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ ഡിസ്‌ക്) നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച 'സ്‌ട്രൈഡ്' (സോഷ്യൽ ടെക്‌നോളജി ആൻഡ് റിസർച്ച് ഫോർ ഇൻക്ലൂസീവ് ഡിസൈൻ എക്‌സലൻസ്) ഇൻക്ലൂസീവ് ഇന്നവേഷൻ സമ്മിറ്റ് 2025 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.


നിർണ്ണായക നാഴികക്കല്ല്: മന്ത്രി രാജേഷ്

ഇൻക്ലൂസീവ് ഇന്നവേഷൻ സമ്മിറ്റ് നിർണ്ണായക നാഴികക്കല്ലാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സമ്മിറ്റിൽ കുടുംബശ്രീയുടെയും കെഡിസ്‌കിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒരുക്കുന്ന മേക്കർ സ്‌പേസിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള ബഡ്‌സ് സ്‌കൂളുകളോട് ചേർന്ന് ഒരുക്കുന്ന 'മേക്കർ സ്‌പെയ്‌സ്' ഏറെ നൂതനവും പ്രയോജനപ്രദവുമായ ആശയമാണ്.

രാജ്യത്തെ ആദ്യത്തെ ഇൻക്ലൂസീവ് ഇന്നവേഷൻ കേന്ദ്രമാക്കി കേരളത്തെ മാറ്റുക എന്ന വലിയ ലക്ഷ്യത്തോടെയാണ് സ്‌ട്രൈഡ് എന്ന പദ്ധതി ആരംഭിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ.പി.വി. ഉണ്ണികൃഷ്ണൻ, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ.എസ്. നായർ, തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ രാധാമണി പിള്ള തുടങ്ങിയവർ പങ്കെടുത്തു.