പറവൂർ: പറവൂർ, വൈപ്പിൻ മേഖലയിൽ വ്യാഴാഴ്ച മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് അനിശ്ചിതകാല സമരം പിൻവലിച്ചു. ദേശീയപാത 66ൽ മൂത്തകുന്നം - ഇടപ്പള്ളി റോഡിന്റെ അറ്റകുറ്റപ്പണികൾ 20നകം തീർക്കുമെന്ന് ഉറപ്പ് ലഭിച്ചതിനെത്തുടർന്നാണ് സമരം പിൻവലിച്ചത്. പറവൂരിൽനിന്ന് വൈപ്പിൻ, കൊടുങ്ങല്ലൂർ, വരാപ്പുഴ, ഇടപ്പള്ളി മേഖലകളിലേക്കുള്ള സ്വകാര്യ ബസുകൾ സർവീസ് നിറുത്താനുള്ള തീരുമാനം മുനമ്പം ഡിവൈ.എസ്‌പി എസ്‌. ജയകൃഷ്ണനും ബസ് ഉടമ, തൊഴിലാളി സംഘടനകളുടെയും യൂണിയനുകളുടെയും ദേശീയപാത അതോറിട്ടിയുടെയും പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയെത്തുടർന്നാണ് പിൻവലിച്ചത്. റോഡിന്റെ ദുരവസ്‌ഥയ്ക്കെതിരെ കഴിഞ്ഞ ഒന്നിന് സൂചനാ ബസ് പണിമുടക്ക് നടത്തിയിരുന്നു.