ഫോർട്ട് കൊച്ചി: കൊച്ചി അഴിമുഖത്ത് മത്സ്യബന്ധന യാനങ്ങളുടെ അനിയന്ത്രിതമായ നിറുത്തിയിടുന്നത് വീണ്ടും അപകടങ്ങൾക്ക് കാരണമാകുന്നു. ഫോർട്ട് കൊച്ചിയിലെ കമാലക്കടവിൽ ഇന്ധനം നിറയ്ക്കുന്നതിനും തൊഴിലാളികളെ ഇറക്കുന്നതിനുമായി എത്തുന്ന യാനങ്ങളാണ് അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്നത്. യാനങ്ങൾ നിയന്ത്രണം വിട്ട് സഞ്ചരിക്കുന്നത് ചീനവലകൾക്കും ഭീഷണിയാകുന്നുണ്ട്. മുമ്പ് യാനം ഇടിച്ച് ചീനവല തകർന്നിരുന്നു. യാനങ്ങൾ നിയന്ത്രണം വിട്ട് ടൂറിസ്റ്റ് ജെട്ടിയിൽ ഇടിച്ച് ജെട്ടി തകർന്നത് രണ്ട് തവണയാണ്. ടൂറിസ്റ്റ് ജെട്ടിക്ക് സമീപം കെട്ടിയിട്ടിരിക്കുന്ന മത്സ്യബന്ധന യാനങ്ങൾ കെട്ടഴിഞ്ഞ് പോകുന്നതും പതിവാണ്.
ഈ ഭാഗത്ത് തന്നെയാണ് 2015ൽ ഒരു മത്സ്യബന്ധന യാനം യാത്രാ ബോട്ടിലിടിച്ച് 11 പേരുടെ ജീവൻ നഷ്ടമായത്. ഇവിടെ മത്സ്യബന്ധന യാനങ്ങൾ കെട്ടരുതെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്നാണ് ഈ നിയമലംഘനങ്ങൾ നടക്കുന്നത്.
തിങ്ങിനിറഞ്ഞ് യാനങ്ങൾ
ഒരേ സമയം ടൂറിസ്റ്റ് ബോട്ടുജെട്ടിക്ക് സമീപമുള്ള പെട്രോൾ പമ്പിന് അടുത്ത് നിരന്നു കിടക്കുന്നത് പത്തിൽ കൂടുതൽ യാനങ്ങളാണ്. ഇത് വിനോദസഞ്ചാരികളുടെ ബോട്ടുകൾക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. മത്സ്യബന്ധന യാനങ്ങളുടെ യന്ത്രങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് മൂലമുണ്ടാകുന്ന ഓളങ്ങളും മറ്റ് ബോട്ടുകൾക്ക് അപകടമുണ്ടാക്കുന്നുണ്ട്. സ്‌കൂളുകളിൽ നിന്ന് വിനോദസഞ്ചാരത്തിന് വരുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ടൂറിസ്റ്റ് ബോട്ടുകളിലുണ്ടാകുന്നത്. ഭീതിയോടെയാണ് അവർ ടൂറിസ്റ്റ് ബോട്ട് ജെട്ടിയിൽ ഇറങ്ങുന്നത്.
യാനങ്ങൾ ഇടിച്ചുള്ള അപകടം ഒഴിവാക്കാൻ അധികാരികൾ സത്വര നടപടികൾ സ്വീകരിക്കണം
അഡ്വ. ആന്റണി കുരീത്തറ
കൊച്ചിൻ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ്