കൊച്ചി: മുത്തൂറ്റ് ഫിനാൻസിന്റെ ഉപകമ്പനിയായ മുത്തൂറ്റ് ഇൻഷ്വറൻസ് ബ്രോക്കേഴ്‌സ് ലിമിറ്റഡിൽ 11.92 കോടി രൂപയുടെ തിരിമറി നടത്തിയ കേസിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻ ഉദ്യോഗസ്ഥരായ രഞ്ജിത് രാമചന്ദ്രൻ, തോമസ് പി. രാജൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും പിന്നീട് ജാമ്യത്തിൽ വിട്ടു. പ്രതികൾക്ക് കർശന ഉപാധികളോടെ കഴിഞ്ഞദിവസം ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

എറണാകുളം ടൗൺ സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ അഞ്ചു ലക്ഷം രൂപ വീതമുള്ള സ്വന്തം ബോണ്ടും തത്തുല്യമായ രണ്ട് ആൾ ജാമ്യവും ഹാജരാക്കി. ഇരുവരും പാസ്‌പോർട്ട് പൊലീസിന് കൈമാറുകയും ചെയ്തു.

ഒന്നാം പ്രതിയായ രഞ്ജിത് മുത്തൂറ്റ് ഫിനാൻസിലെ ചീഫ് ജനറൽ മാനേജരായിരുന്നു. മുത്തൂറ്റ് ഇൻഷ്വറൻസ് ബ്രോക്കേഴ്‌സിന്റെ മുൻ സി.ഇ.ഒയാണ് തോമസ്. കമ്പനിയുമായി ബിസിനസ് ബന്ധമുള്ള ഇൻഷ്വറൻസ് സ്ഥാപനങ്ങൾ, ജീവനക്കാരുടെ ഇൻസെന്റീവിനും മറ്റുമായി അനുവദിച്ച ഗിഫ്റ്റ് കാർഡുകൾ എണ്ണം കുറച്ചുകാട്ടിയും സ്വന്തം നിലയിൽ മാറിയെടുത്തും പ്രതികൾ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 2023-24 കാലയളവിലായിരുന്നു ഇത്.