ആലുവ: മോഷണക്കേസിൽ റിമാൻഡിലായിരുന്ന പ്രതി ദേഹാസ്വാസ്ഥ്യം അഭിനയിച്ച് ജില്ലാ ആശുപത്രിയിൽ എത്തിയ ശേഷം പൊലീസിന് കബളിപ്പിച്ച് മുങ്ങിയെങ്കിലും രണ്ട് മണിക്കൂറിനകം പിടിയിലായി. അസാം സ്വദേശി സുഖു അലി (26) യെയാണ് പുളിഞ്ചോട് റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നു പൊലീസ് പിടികൂടിയത്.
മോഷണക്കേസുമായി ബന്ധപ്പെട്ട് കാലടി പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ആലുവ സബ് ജയിലിൽ റിമാൻഡിലായിരുന്നു. ശ്വാസം മുട്ട് അഭിനയിക്കുകയും എയ്ഡ്സ് ബാധയുണ്ടെന്ന് ഭീതി പരത്തുകയും ചെയ്തതിനെ തുടർന്നാണ് രാവിലെ 11 മണിയോടെ ആലുവ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കെത്തിച്ചത്. അത്യാഹിത വിഭാഗത്തിന് സമീപത്തെ ശുചിമുറിയിൽ കയറിയ പ്രതി വെന്റിലേറ്റർ വഴി പുറത്തേക്കു ചാടി ഓടുകയായിരുന്നു. ആവശ്യത്തിലേറെ സമയം കഴിഞ്ഞിട്ടും ശുചിമുറിയിൽ നിന്നു പ്രതിയെ കണ്ടെത്താനാകാതെ വന്നതോടെയാണ് പൊലീസുകാർ പ്രതി മുങ്ങിയതറിയുന്നത്.
ചീരക്കട ക്ഷേത്രത്തിന് സമീപമെത്തിയ ശേഷം റെയിൽപാളത്തിലേക്ക് കടന്നു. ഇതിനകം ആലുവ പൊലീസ് ഇൻസ്‌പെക്ടർ വി.എം. കെഴ്‌സന്റെ നേതൃത്വത്തിൽ പൊലീസ് തെരച്ചിൽ തുടങ്ങി. പുളിഞ്ചോട് റെയിൽവേ ലൈന് സമീപത്ത് നിന്നാണ് പിടികൂടിയത്. തുടർന്ന് പ്രതിയെ വീണ്ടും ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധന നടത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസിനെ കബളിപ്പിച്ച് കടന്നതിന് ആലുവ പൊലീസ് പ്രതിക്കെതിരെ കേസെടുത്തു. സുഖു അലിക്കൊപ്പം ഉണ്ടായിരുന്ന പൊലീസുകാർക്ക് എതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.