മൂവാറ്റുപുഴ: അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് കേരളയുടെ നേതൃത്വത്തിൽ മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട ആറ് സഹപ്രവർത്തകർക്ക് വീടൊരുക്കി നൽകി മാതൃകയായി. ഇതിന് മൂവാറ്റുപുഴ മേഖലാ കമ്മറ്റിയാണ് നേതൃത്വപരമായ പങ്ക് വഹിച്ചത്. സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ വീട് നഷ്ടപ്പെട്ട ആറ് സഹപ്രവർത്തകർക്കാണ് സംഘടന വീടൊരുക്കിയത്. സംസ്ഥാനത്തെ എല്ലാ അംഗങ്ങളിൽനിന്നും സ്വരൂപിച്ച ഫണ്ടാണ് വീടൊരുക്കി നൽകുന്നതിന് ഉപയോഗിച്ചത്.
30സെന്റ് സ്ഥലം വാങ്ങിയാണ് വീട് നിർമ്മിച്ചത്. ആറു വീടുകളുടെ താക്കോൽദാനം മൂട്ടിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. മുട്ടിൽ പരിയാരം ചെലഞ്ഞിച്ചാലിൽ അഞ്ച് സെന്റിൽ 850 സ്ക്വയർഫീറ്റ് വിസ്തീർണത്തിലാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. രണ്ടു കിടപ്പുമുറികൾ, അടുക്കള, ഹാൾ, ശൗചാലയ സൗകര്യങ്ങളോടെയുള്ള വീടുകളിലേക്ക് പൊതുകിണർ നിർമ്മിച്ച് കുടിവെള്ള സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. 10 മാസം കൊണ്ടാണ് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്.