കാഞ്ഞിരമറ്റം: മകൻ മർദ്ദിക്കുന്നതായി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ മാതാവിനെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.
അരയൻകാവ് അറക്കപ്പറമ്പിൽ പരേതനായ അംബുജാക്ഷന്റെ ഭാര്യ ചന്ദ്രികയാണ് (58)മരിച്ചത്. മരണത്തെ തുടർന്ന് വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച മകൻ അഭിജിത്തിനെ (22) നാട്ടുകാർ തടഞ്ഞുവച്ചു പൊലീസിന് കൈമാറി.
ഇന്നലെ രാവിലെ അഭിജിത്താണ് മാതാവ് തൂങ്ങിമരിച്ചതായി അയൽവാസിയെ അറിയിച്ചത്. അയവാസി എത്തിയപ്പോൾ കട്ടിലിൽ കിടക്കുന്ന മൃതദേഹത്തിന്റെ മൂക്കിലും ചെവിയിലും നിന്ന് രക്തം വാർന്ന നിലയായിരുന്നു. മുളന്തുരുത്തി പൊലീസെത്തി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെയാണ് അഭിജിത്ത് രക്ഷപ്പെടാൻ ശ്രമിച്ചത്.
മകൾ വിവാഹിതയായി ഭർതൃഗൃഹത്തിലാണ് താമസം. ലഹരി ഉപയോഗിക്കുന്ന മകൻ വഴക്കുണ്ടാക്കുകയും മാതാവിനെ മർദ്ദിക്കുകയും ചെയ്യുന്നത് പതിവാണെന്ന് പരിസരവാസികൾ പറയുന്നു. തുടർന്നാണ് ചന്ദ്രിക പൊലീസിൽ പരാതിപ്പെട്ടത്. രണ്ടുദിവസം മുമ്പ് പൊലീസ് അഭിജിത്തിനെ സ്റ്റേഷനിൽ വിളിപ്പിച്ച് താക്കീത് നൽകി വിട്ടിരുന്നു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത അഭിജിത്തിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.