u

മുളന്തുരുത്തി: ബൈക്കിന് പിന്നിൽ കോളേജ് ബസിടിച്ച് ഇടുക്കി ജില്ലാ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മുളന്തുരുത്തി കാരിക്കോട് കള്ളാച്ചിയിൽ കെ.കെ. ജോർജ് (53) മരിച്ചു.

പിറവം നടക്കാവ് റോഡിൽ ആരക്കുന്നം കടേക്കാവളവിൽ ഇന്നലെ രാവിലെ 8.45നായിരുന്നു അപകടം. തൊടുപുഴയിലെ ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോകുമ്പോൾ

ആരക്കുന്നം ടോക്ക് എച്ച് എൻജിനീയറിംഗ് കോളേജിന്റെ ബസാണ് ഇടിച്ചത്.

തെറ്റായ ദിശയിൽ വന്ന കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടി ഒഴിവാക്കാൻ മുന്നിൽ പോയ ലോറി പെട്ടെന്ന് നിറുത്തിയപ്പോൾ ജോർ‌ജും ബൈക്ക് നിറുത്തി. ഈ സമയം പിന്നിൽ വന്ന കോളേജ് ബസ് ബൈക്കിലിടിച്ചു. റോഡിൽ തെറിച്ചുവീണ് തലയ്‌ക്ക് പരിക്കേറ്റ ജോർജിനെ ആരക്കുന്നം എ.പി വർക്കി മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബൈക്ക് പൂർണമായും തകർന്നു.

കോഴിക്കോട് , മലപ്പുറം, നേര്യമംഗലം ജില്ലാ കൃഷിത്തോട്ടങ്ങളിലും ആലിപ്പറമ്പ്, മണിട്, തിരുവാണിയൂർ, പുത്തൻകുരിശ് എന്നിവിടങ്ങളിലും കൃഷി ഓഫീസറായും കാസർകോട് സ്റ്റേറ്റ് സീഡ് ഫാമിൽ കൃഷി അസിസ്റ്റൻറ് ഡയറക്ടറായും ജോലി ചെയ്തിട്ടുണ്ട്.

ഭാര്യ: മിനി (എരൂർ ചേലപ്പറമ്പിൽ കുടുംബാംഗം). മക്കൾ: സാറ (വിദ്യാർത്ഥിനി, ഓസ്ട്രേലിയ ), ഷാർലറ്റ് ( എട്ടാം ക്ലാസ് വിദ്യാർത്ഥിനി, ഭവൻസ്, എരൂർ). സംസ്കാരം നാളെ ഉച്ചക്ക് രണ്ടിന് മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സിറിയൻ കത്തീഡ്രൽ സെമിത്തേരിയിൽ.