s

കൊച്ചി: കേസ് ഒതുക്കാൻ കൊല്ലത്തെ കശുഅണ്ടി വ്യവസായിയിൽ നിന്ന് രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലെ ഒന്നാം പ്രതി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാർ നാല് കോടിയോളം രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടിയതായി വിജിലൻസിന് തെളിവു ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ശേഖറിനെ വീണ്ടും ചോദ്യം ചെയ്യും.

ശേഖർ കുമാറിന്റെ ഡീമാറ്റ് അക്കൗണ്ട് പരിശോധനയിൽ നിന്നാണ്‌ വിവരങ്ങൾ ലഭിച്ചത്. ബന്ധുക്കളുടെ പേരിലും ഓഹരികൾ വാങ്ങിക്കൂട്ടി. ബന്ധുക്കളുടെ മൊഴിയും വിജിലൻസ് ‌രേഖപ്പെടുത്തും.കേസിൽ രണ്ട് തവണ ശേഖറിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ദുരൂഹമായ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയത്. മറ്റ് കേസുകളിലും കൈക്കൂലി ഇടപാടുകൾ നടത്തിയിട്ടുണ്ടാകാമെന്ന വിലയിരുത്തലിലാണ് അന്വേഷണ

സംഘം. മറ്റ് ഇ.ഡി ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നു.

കശുഅണ്ടി വ്യവസായിയിൽ നിന്ന് കൈക്കൂലിയുടെ ആദ്യ ഗഡുവായ രണ്ടു ലക്ഷം രൂപ കൈപ്പറ്റുന്നതിനിടെ ഏജന്റുമാരായ വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുരളി കുമാർ എന്നിവരെ വിജിലൻസ് പിടി കൂടിയിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യരും അറസ്റ്റിലായി. അന്വേഷണം പുരോഗമിക്കവേ ശേഖറിനെ ഷില്ലോങ്ങിലേക്ക് സ്ഥലം മാറ്റിയിരുന്നു.