കൊച്ചി: വീടുകളിൽ പൈപ്പിലൂടെ ശുദ്ധജലം ലഭ്യമാക്കാനും മലിനജലജലസംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടപ്പാക്കുന്ന അമൃത് 2.0 പദ്ധതിയിൽ കൊച്ചി ജില്ലയിൽ 471.96 കോടി രൂപയുടെ 86 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. കേന്ദ്ര നഗരകാര്യ സഹമന്ത്രി തോഖൻ സാഹു ലോക്‌സഭയിൽ ഹൈബി ഈഡൻ എം.പി.ക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
ഏലൂർ, കളമശ്ശേരി, മരട്, വടക്കൻ പറവൂർ, തൃക്കാക്കര, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികളിലും കൊച്ചി കോർപ്പറേഷനിലുമാണ് ഈ പദ്ധതികൾ നടപ്പാക്കുന്നത്.
പദ്ധതി വിവരങ്ങൾ
ജലവിതരണം: ജില്ലയിൽ ജലവിതരണത്തിനായി 222.12 കോടി രൂപയുടെ 39 പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. കൊച്ചി കോർപ്പറേഷനിൽ മാത്രം പ്രധാന പൈപ്പ്‌ലൈൻ മാറ്റി സ്ഥാപിക്കൽ, വിതരണം മെച്ചപ്പെടുത്തൽ എന്നിവയുൾപ്പെടെ 122.50 കോടി രൂപയുടെ 15 പദ്ധതികൾ തുടരുന്നു.
മലിനജല പരിപാലനം: മലിനജല പരിപാലനത്തിനായി മൂന്ന് പദ്ധതികൾക്ക് 225.90 കോടി രൂപ അനുവദിച്ചു.
ജലാശയ പുനരുജ്ജീവനം: ജലാശയങ്ങൾ പുനരുജ്ജീവിപ്പിക്കാൻ 28 പദ്ധതികൾക്കായി 15.18 കോടി രൂപയും, പാർക്കുകളുടെയും ഹരിത ഇടങ്ങളുടെയും വികസനത്തിന് 16 പദ്ധതികൾക്കായി 8.77 കോടി രൂപയും ചെലവഴിക്കുമെന്നും മന്ത്രി മറുപടിയിൽ വ്യക്തമാക്കി.
പുതിയ ജലവിതരണ പദ്ധതികൾ
നഗരസഭ, തുക കോടിയിൽ
കളമശേരി 14.41
തൃപ്പൂണിത്തുറ 12.50
തൃക്കാക്കര 7.04
ഏലൂർ 7.35
വടക്കൻ പറവൂർ 5.18
മരട് 1.74
അംഗീകാരം വൈകുന്ന പദ്ധതികളുടെ കാര്യത്തിലും സാങ്കേതിക തടസങ്ങളുള്ള പദ്ധതികൾ സുഗമമാക്കുന്നതിനും വേണ്ട നിരന്തര ഇടപെടലുകൾ നേരത്തെ നടത്തിയിരുന്നു.
ഹൈബി ഈഡൻ എം.പി.