കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ മൂന്ന് വിമത കോൺഗ്രസ് അംഗങ്ങളെ കൂറുമാറ്റ നിരോധന നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കി. പ്രസിഡന്റ് സിബി മാത്യു, വൈസ് പ്രസിഡന്റ് ലിസി ജോളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉഷ ശിവൻ എന്നിവർക്കാണ് മെമ്പർ സ്ഥാനങ്ങൾ നഷ്ടമായത്.
2023 ആഗസ്റ്റ് 8ന് നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിലാണ് ഇവർ പാർട്ടി വിപ്പ് ലംഘിച്ചത്. പ്രസിഡന്റായിരുന്ന സൈജന്റ് ചാക്കോയും വൈസ് പ്രസിഡന്റായിരുന്ന ജിംസിയ ബിജുവും രാജിവച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് ചിഹ്നത്തിൽ വിജയിച്ച മൂന്ന് പേരും പാർട്ടി വിപ്പ് ലംഘിച്ച് എൽ.ഡി.എഫിനൊപ്പം ചേർന്നാണ് ഭരണം അട്ടിമറിച്ചത്. എൽ.ഡി.എഫ്. അംഗങ്ങളുടെ പിന്തുണയോടെ അവർ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനങ്ങളിലെത്തി. 18 അംഗ ഭരണസമിതിയിൽ മൂന്ന് അംഗങ്ങൾ കൂടി ചേർന്നതോടെ എൽ.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചു.
സിബി മാത്യു 18-ാം വാർഡ് മെമ്പറും ഉഷ ശിവൻ 4-ാം വാർഡ് മെമ്പറും ലിസി ജോളി 2-ാം വാർഡ് മെമ്പറുമാണ്. ഭരണ മാറ്റ ധാരണ പ്രസിഡന്റ് സൈജന്റ് ചാക്കോ പാലിക്കാൻ തയ്യാറാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു കൂറുമാറ്റം. സൈജന്റ് രാജിവച്ച ശേഷവും ഇവർ കോൺഗ്രസ് നേതൃത്വവുമായി യോജിച്ച് പോകാൻ തയ്യാറായില്ല.
ഡി.സി.സി പ്രസിഡന്റ് നൽകിയ വിപ്പ് ലംഘിച്ചതിന്റെ വ്യക്തമായ തെളിവുകളുമായി സൈജന്റ് ചാക്കോ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഹർജി നൽകി രണ്ട് വർഷമാകാറായപ്പോഴാണ് ഉത്തരവ്.
വാർഡ് തിരഞ്ഞെടുപ്പില്ല
മൂന്ന് പേർ അയോഗ്യരാകുന്നതോടെ ഭരണസമിതിയിലെ അംഗസംഖ്യ 15 ആയി കുറയും. എട്ട് അംഗങ്ങളുള്ള എൽ.ഡി.എഫിന് ഇപ്പോഴും ഭൂരിപക്ഷമുണ്ട്. അതിനാൽ അവർക്ക് ഭരണം തുടരാൻ കഴിയും. അയോഗ്യതാ ഉത്തരവ് പ്രാബല്യത്തിലായാൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.പി.ഐ.യിലെ ടി.എച്ച്. നൗഷാദ് പ്രസിഡന്റിന്റെ ചുമതല വഹിക്കും. മറ്റ് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. പൊതുതിരഞ്ഞെടുപ്പ് അടുത്തെത്തിയതിനാൽ മൂന്ന് വാർഡുകളിലും ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ല. അയോഗ്യരാക്കപ്പെട്ടവർക്ക് അടുത്ത രണ്ട് തിരഞ്ഞെടുപ്പുകളിലും മത്സരിക്കാൻ കഴിയില്ല.
കോൺഗ്രസ് അംഗങ്ങളെ പണവും മോഹനവാഗ്ദാനങ്ങളും നൽകിയാണ് കൂറുമാറ്റിയത്. തിരക്കച്ചവടം നടത്തിയ സി.പി.എമ്മിനുള്ള തിരിച്ചടിയാണ് അയോഗ്യതാ ഉത്തരവ്
സൈജന്റ് ചാക്കോ