നെടുമ്പാശേരി: കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളിലുണ്ടായ ഭിന്നതയെ തുടർന്ന് നെടുമ്പാശേരി സഹകരണബാങ്ക് പ്രസിഡന്റ് പി.പി. ഐസക്കിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. 13 അംഗ ഭരണസമിതിയിൽ ഐസക്കിനെതിരായ അവിശ്വാസത്തെ ഒൻപത് അംഗങ്ങൾ പിന്തുണച്ചു.
പുറത്താക്കപ്പെട്ട പി.പി. ഐസക് ഐ ഗ്രൂപ്പ് നോമിനിയായിട്ടാണ് പ്രസിഡന്റായതെങ്കിലും ഭരണരംഗത്തെ വീഴ്ചയെത്തുടർന്ന് എ,ഐ വ്യത്യാസമില്ലാതെ എതിർപ്പുയർന്നു. തുടർന്ന് ഏഴ് അംഗങ്ങൾ ചേർന്ന് അവിശ്വാസ നോട്ടീസ് നൽകി. ചർച്ചയ്ക്കെടുത്തപ്പോൾ രണ്ടുപേർകൂടി അവിശ്വാസത്തെ പിന്തുണയ്ക്കുകയായിരുന്നു. അവിശ്വാസത്തെ എതിർത്ത പ്രസിഡന്റ് ഉൾപ്പെടെ നാലുപേർ യോഗത്തിൽനിന്ന് വിട്ടുനിന്നു. പ്രശ്‌നം പരിഹരിക്കാൻ ഡി.സി.സി, ബ്ലോക്ക്, മണ്ഡലം നേതൃത്വങ്ങൾ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല.
ഭരണസമിതിയുടെ കാലാവധി രണ്ടുവർഷം കൂടിയുണ്ട്. ആദ്യ രണ്ടുവർഷം എ ഗ്രൂപ്പുകാരനായിരുന്ന സി.വൈ. ശാബോറായിരുന്നു പ്രസിഡന്റ്. ഒരുവർഷംമുമ്പാണ് പി.പി. ഐസക് പ്രസിഡന്റായത്.
അതേസമയം കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കളുടെ ഗ്രൂപ്പ് താത്പര്യങ്ങളാണ് തന്നെ പുറത്താക്കാൻ കാരണമെന്ന് പി.പി. ഐസക് പത്രസമ്മേളനത്തിൽ ആരോപിച്ചു. മൂന്നുപേർകൂടി അദ്ദേഹത്തെ പിന്തുണച്ചിരുന്നെങ്കിലും ഐസക്കിനൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്തില്ല.
ഡയറക്ടർ ബോർഡ് അംഗങ്ങളെ യോജിപ്പിച്ച് മുന്നോട്ട് നയിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ബാങ്ക് പ്രസിഡന്റിനോട് രാജിവയ്ക്കാൻ പാർട്ടി ആവശ്യപ്പെടുകയായിരുന്നെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.എം. കൃഷ്ണകുമാർ പറഞ്ഞു. അംഗീകരിക്കാതിരുന്നതിനാലാണ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്.