കൂത്താട്ടുകുളം: സി.പി.എം കൗൺസിലർ കലാ രാജു കൂറുമാറിയതോടെ എൽ.ഡി.എഫിന് കൂത്താട്ടുകുളം നഗരസഭാ ഭരണം നഷ്ടമായി. ചെയർപേഴ്സൺ വിജയാ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് എന്നിവരെ അവിശ്വാസത്തിലൂടെ യു.ഡി.എഫ് പുറത്താക്കി. 13 പേർ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. എൽ.ഡി.എഫ് ബഹിഷ്കരിച്ചു.
രാവിലെ 11.30ന് പ്രതിപക്ഷനേതാവ് പ്രിൻസ് പോൾ ജോൺ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. കലാ രാജുവും സ്വതന്ത്രൻ പി.ജി. സുനിൽകുമാറും യു.ഡി.എഫിനൊപ്പം നിന്നതോടെ അവിശ്വാസം പാസായി. എൽ.ഡി.എഫ്- 13, യു.ഡി.എഫ് - 11, സ്വതന്ത്രൻ - 1 എന്നിങ്ങനെയായിരുന്നു കക്ഷിനില.
കഴിഞ്ഞ ജനുവരിയിലും യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും സി.പി.എം പ്രവർത്തകർ കലാ രാജുവിനെ തട്ടിക്കൊണ്ടു പോയതോടെ വോട്ടെടുപ്പ് നടന്നില്ല. ഇക്കുറി കലാ രാജുവിനും മറ്റും പൊലീസ് കനത്ത സുരക്ഷയൊരുക്കി. പുത്തൻകുരിശ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ആറ് സ്റ്റേഷനുകളിൽ നിന്നും പൊലീസെത്തിയിരുന്നു. കൂത്താട്ടുകുളത്തു നടന്നത് ജനാധിപത്യ കശാപ്പും കുതിരക്കച്ചവടവുമാണെന്നും പിന്നിൽ വൻസാമ്പത്തിക ഇടപാടുണ്ടെന്നും സണ്ണി കുര്യാക്കോസ് ആരോപിച്ചു.
''ജനാധിപത്യത്തെ കശാപ്പ് ചെയ്തത് സി.പി.എമ്മാണ്. 25 വർഷം കൂടെനിന്ന തന്നെ പാർട്ടി ഉപദ്രവിച്ചു. കുതിരക്കച്ചവടം നടത്തിയെങ്കിൽ തെളിയിക്കട്ടെ.
-കലാ രാജു
''അവിശ്വാസം പാസായത് ജനാധിപത്യത്തിന്റെ വിജയം. യു.ഡി.എഫ് കൂടുതൽ കരുത്തോടെ മുന്നോട്ട് പോകും
-അനൂപ് ജേക്കബ് എം.എൽ.എ,
കേരളാ കോൺ. (ജേക്കബ്) ലീഡർ