ആലുവ: ആലുവ മേഖലയിൽ എച്ച് വൺ എൻ വൺ പനി റി​പ്പോർട്ടുചെയ്യുന്നുണ്ടെങ്കി​ലും ആശങ്കവേണ്ടെന്നാണ് ആരോഗ്യരംഗത്തെ വി​ദഗ്ദ്ധരുടെ അഭി​പ്രായം. ഒരാൾക്കെങ്കി​ലും എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചാൽ ആ സ്കൂളും കോളേജുകളുമെല്ലാം അടച്ചിടുകയാണ്. അനാവശ്യമായ ആശങ്കയാണ് ഇതിലൂടെ പൊതുസമൂഹത്തിലേക്ക് നൽകുന്നതെന്ന് ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സ്മിജി ജോർജ് പറഞ്ഞു.

രണ്ടാഴ്ചമുമ്പ് ആലുവ യു.സി കോളേജിലാണ് ആദ്യം എച്ച് വൺ എൻ വൺ പനി സ്ഥിരീകരിച്ചത്. തൊട്ടടുത്ത നാലുദിവസം ക്ളാസുകളെല്ലാം ഓൺലൈൻ മുഖേനയാക്കി. പിന്നാലെ ചൂണ്ടി ഭാരതമാതാ ലാ കോളേജിലും എച്ച് വൺ എൻ വൺ പനി സ്ഥിരീകരിച്ചു. പിന്നീട് ആലുവ മേഖലയിലെ ചില സ്കൂളുകളിലും എച്ച് വൺ എൻ വൺ പനി പിടികൂടിയതിനെ തുടർന്ന് പഠനം മുടങ്ങി. എടത്തല, കീഴ്മാട്, കരുമാല്ലൂർ പഞ്ചായത്തുകളിലാണ് കൂടുതലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എച്ച്. വൺ എൻ വൺ രോഗം സ്കൂളുകളിൽ ആർക്കെങ്കിലും ബാധിച്ചെന്നറിഞ്ഞാൽ മറ്റ് കുട്ടികളുടെ രക്ഷിതാക്കളാണ് സ്കൂൾ അടയ്ക്കണമെന്ന് ആദ്യം ആവശ്യപ്പെടുന്നത്. അവഗണിക്കുകയും മറ്റാർക്കെങ്കിലും കൂടി രോഗം പകർന്നാൽ അത് വലിയ പ്രശ്നത്തിന് വഴിവയ്ക്കുമെന്നതിനാലാണ് പല സ്കൂൾ മാനേജ്മെന്റുകളും അടച്ചിടാൻ തയ്യാറാകുന്നത്.

പകർച്ചപ്പനിയും വ്യാപകം

ആലുവ മേഖലയിൽ പകർച്ചപ്പനിയും വ്യാപകമാണ്. ജില്ലാ ആശുപത്രികളിലും പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുമെല്ലാം പകർച്ചപ്പനിയുമായി മരുന്ന് വാങ്ങാനെത്തുന്നവരുടെ തിരക്കാണ്. സ്വകാര്യാശുപത്രികളിലും തിരക്കിന് കുറവില്ല. മുൻകാലങ്ങളിൽ പകർച്ചപ്പനിക്കും മറ്റും സ്വകാര്യാശുപത്രികളെ ആശ്രയിച്ചിരുന്നവരിൽ വലിയൊരു പങ്ക് ഇപ്പോൾ സർക്കാർ ആശുപത്രികളിലേക്ക് എത്തുന്നുണ്ട്.

കോടതിയിൽ മാസ്ക് നിർബന്ധമാക്കി

എച്ച് വൺ എൻ വൺ, ഡെങ്കിപ്പനി, പകർച്ചപ്പനി എന്നിവ വ്യാപകമായതിനാൽ ആലുവ കോടതിയിൽ മാസ്ക് നിർബന്ധമാക്കി. കോടതി ജീവനക്കാരും അഭിഭാഷകരും കക്ഷികളുമെല്ലാം മാസ്ക് ധരിക്കാനാണ് നിർദ്ദേശം.

ആലുവ ഡി.ഇ.ഒ ഓഫീസിൽ പ്രധാന ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ആശങ്ക വേണ്ടെന്ന് വിദഗ്ദ്ധർ

1 എച്ച് വൺ എൻ വൺ പനിയുടെ പേരിൽ അനാവശ്യമായ ആശങ്കയാണ് പരക്കുന്നത്.

2 ഒന്നോരണ്ടോ പേർക്ക് രോഗം സ്ഥിരീകരിച്ചതിന്റെ പേരിൽ സ്കൂൾ അടച്ചിടേണ്ട ആവശ്യമില്ല

3 രോഗം റിപ്പോർട്ട് ചെയ്താൽ സ്കൂളുകളും കോളേജുകളും അടച്ചിടണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടില്ല.

4 മുൻകരുതൽ ആവശ്യമാണ്. നിർബന്ധമായും മാസ്ക് ധരിക്കണം. സാനിറ്ററൈസറും ഉപയോഗിക്കണം. കൂട്ടംകൂടുന്നതും ഒഴിവാക്കണം.

5 എച്ച് വൺ എൻ വൺ പനി മാത്രമല്ല, പകർച്ചപ്പനിയും വ്യാപകമായുണ്ട്. 6 ആർക്കെങ്കിലും ചുമയോ തലവേദയോ വന്നാൽ എച്ച് വൺ എൻവൺ ആണെന്ന് ആശങ്കപ്പെടുകയാണ്.