കൊച്ചി: കൊച്ചിമെട്രോ രണ്ടാംഘട്ടനിർമ്മാണത്തെ തുടർ‌ന്ന് പാലാരിവട്ടം മുതൽ കുന്നുംപുറം വരെയുള്ള വ്യാപാരികൾ പ്രതിസന്ധിയിലാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.സി. മുരളീധരൻ പറ‌ഞ്ഞു. ചെമ്പ്മുക്കുമുതൽ പടമുകൾവരെ വ്യാപാരികളുടെ സ്ഥിതി ദയനീയമാണ്. അശാസ്ത്രീയമായി സ്ഥാപിച്ച ബാരിക്കേഡുകൾ മൂലം റോഡിന്റെ ഇരുവശങ്ങളിലും ഗതാഗതകുരുക്ക് നേരിടുന്നു. വ്യാപാരസ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവരുടെ വാഹനങ്ങൾക്ക് ട്രാഫിക് പൊലീസ് പിഴ ചുമത്തുന്നു. ഇതുൾപ്പെടെ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും അധികൃത‌ർ നടപടി സ്വീകരിക്കുന്നില്ലെന്നും പ്രശ്നപരിഹാരത്തിന് പ്രക്ഷോഭവുമായി വ്യാപാരികൾ രംഗത്തിറങ്ങുമെന്നും മുരളീധരൻ പറഞ്ഞു.