cmfri

കൊച്ചി: കാലാവസ്ഥാ വ്യതിയാനം സമുദ്ര മത്സ്യങ്ങളുടെ ജൈവിക ഘടനയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുവെന്ന് സമുദ്ര ശാസ്ത്രജ്ഞർ. ഇന്ത്യൻ കൗൺസിൽ ഒഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ സാമ്പത്തിക സഹായത്തോടെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവും (സി.എം.എഫ്.ആർ.ഐ.) ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സോഷ്യൽ സയൻസും സംയുക്തമായി കൊച്ചിയിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറിലാണ് വിലയിരുത്തൽ.

ഫിഷറി സർവേ ഒഫ് ഇന്ത്യ ഡയറക്ടർ ഡോ. കെ.ആർ. ശ്രീനാഥ് സെമിനാർ ഉദ്ഘാടനം ചെയ്തു. സി.എം.എഫ്.ആർ.ഐ. ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര ഫിഷറീസ് ഡെവലപ്‌മെന്റ് കമ്മിഷണർ ഡോ. കെ. മുഹമ്മദ് കോയ, സിക്കിം ഗവൺമെന്റിന്റെ കാലാവസ്ഥാ വ്യതിയാന ഉപദേഷ്ടാവ് പ്രൊഫ. വിനോദ് ശർമ്മ, ഡോ. സുരജിത് മഹാലനോബിസ്, ഡോ. ശോഭ ജോ കിഴക്കൂടൻ, ഡോ. പൂജ ശർമ്മ എന്നിവർ സംസാരിച്ചു. സെമിനാർ ഇന്ന് സമാപിക്കും.

വളർച്ചയെ ബാധിക്കുന്നു
കാലാവസ്ഥാ വ്യതിയാനം കാരണം പല മത്സ്യങ്ങളും മതിയായ വളർച്ചയെത്താതെ തന്നെ പ്രജനനത്തിന് പാകമാകുന്നുണ്ട്. ഉദാഹരണത്തിന്, മുമ്പ് 410 ഗ്രാം തൂക്കമുണ്ടായിരുന്ന ആവോലിക്ക് ഇപ്പോൾ 280 ഗ്രാം വളർച്ചയെത്തുമ്പോൾ തന്നെ പ്രജനന കാലയളവാകുന്നു. തീരദേശ ചെമ്മീനുകൾ, മത്തി, അയല എന്നിവയുടെ വലിപ്പവും പ്രത്യുത്പാദന ശേഷിയും കുറയുന്നത് മത്സ്യസമ്പത്തിനെ സാരമായി ബാധിക്കുന്നുണ്ട്. ഭക്ഷ്യലഭ്യത, മഴ, സമുദ്രത്തിലെ ജലപ്രവാഹം, ഓക്‌സിജന്റെ അളവ് എന്നിവയിലുണ്ടായ മാറ്റങ്ങൾ കാരണം മത്തി പോലുള്ള മത്സ്യങ്ങൾ അനുകൂലമായ പ്രദേശങ്ങളിലേക്ക് കൂട്ടമായി നീങ്ങുന്നു.

ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾക്ക് ഭീഷണി
കാലാവസ്ഥാ വ്യതിയാനം മൂലം ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾക്ക് ശോഷണം സംഭവിക്കുന്നത് ജൈവവൈവിദ്ധ്യത്തിനും തീരദേശ സംരക്ഷണത്തിനും ഭീഷണിയാകുന്നു. കടൽപ്പുല്ല് നിറഞ്ഞ പ്രദേശങ്ങൾ നശിച്ചു. ഇവ പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. കടൽപായൽ കൃഷി ചെയ്യുന്നത് ലക്ഷദ്വീപിലെ മത്സ്യബന്ധന മേഖലയെ സഹായിക്കുമെന്നും സെമിനാറിൽ അഭിപ്രായമുയർന്നു.