old-vallam-rd
തകർന്നു കിടക്കുന്ന ഓൾഡ് വല്ലം റോഡ്

പെരുമ്പാവൂർ: എംസി റോഡിൽ പെരുമ്പാവൂർ കടുവാളിൽ നിന്നാരംഭിക്കുന്ന ഓൾഡ് വല്ലം റോഡ് തകർന്ന് തരിപ്പണമായി കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. എം.സി റോഡിൽ കടുവാളിൽ ട്രാഫിക് പൊലീസ് വച്ചിരിക്കുന്ന എയർപോർട്ട് ബോർഡുകണ്ട് ഇതുവഴി വാഹനവുമായി പോയാൽ യാത്രക്കാർ പെട്ടതുതന്നെ.

തകർന്നു കിടക്കുന്ന കടുവാൾ- എയർപോർട്ട് റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി പൊതുമരാമത്ത് വകുപ്പ് ഓഫീസിലേയ്ക്ക് ജനകീയ മാർച്ച് സംഘടിപ്പിക്കുമെന്ന് കോൺ​ഗ്രസ് നേതാക്കളായ ഷാജി കുന്നത്താൻ, അബ്ദുൾ നിസാർ, താരിഷ് ഹസൻ, അബൂബക്കർ, സാദിഖ് അമ്പാടൻ എന്നിവർ പറഞ്ഞു.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് എത്തുന്ന യാത്രക്കാർക്ക് കാലടിയിലെ ഗതാഗതക്കുരുക്കിൽനിന്ന് മോചനം നേടാനും എയർപോർട്ടിലേക്ക് വേഗത്തിൽ എത്തിച്ചേരാനും സാധിക്കുന്ന റോഡാണിത്. ഇത് വികസിപ്പിച്ച് ബി.എം ആൻഡ് ബിസി നിലവാരത്തിൽ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി നിയമസഭയിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്ക് നൽകിയ ഉറപ്പിന് പുല്ലുവിലയുണ്ടായില്ല.

* പുതിയ എയർപോർട്ട് റോഡ്

1 വല്ലംകടവ് പാറപ്പുറം പാലം യാഥാർത്ഥ്യമായതിന് പിന്നാലെയാണ് ഇത് പ്രയോജനപ്പെടുത്തി പുതിയ എയർപോർട്ട് റോഡ് എന്ന ആവശ്യം ഉയർന്നുവന്നത്.

2 പെരിയാറിന്റെ ഇരുകരകളിലുമുള്ള കാഞ്ഞൂർസെന്റ് മേരീസ് പള്ളി, പുതിയേടം ക്ഷേത്രം, തിരുവൈരാണിക്കുളം ക്ഷേത്രം, ചേലാമറ്റം ക്ഷേത്രം തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും റോഡ് നവീകരിക്കുന്നതിലൂടെ സുഗമമാകും.

3 കാഞ്ഞൂർ, പാറപ്പുറം, വല്ലം പ്രദേശങ്ങളുടെ വികസനത്തിനും വഴിയൊരുക്കും. 4 നിരവധി വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ റോഡരികിൽ പ്രവർത്തിക്കുന്നുണ്ട്

എയർപോർട്ട് റോഡിന്യുംറെ ഓൾഡ് വല്ലം റോഡിന്റെയും കാര്യം താലൂക്ക് വികസനസമിതിയിൽ നിരവധി തവണ ഉന്നയിച്ചിട്ടും തുടർ നടപടിയൊന്നുമി​ല്ല

പോൾ പാത്തിക്കൽ,

മുനിസിപ്പൽ ചെയർമാൻ

ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് കഴിഞ്ഞദിവസം റോഡിലെ വലിയ കുഴികൾ മൂടിയതൊഴിച്ചാൽ തുടർ നടപടി​യൊന്നുമി​ല്ല.

ഷാജി കുന്നത്താൻ

യൂത്ത് കോൺഗ്രസ് നേതാവ്