പെരുമ്പാവൂർ: ചുമട് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു)പൂൾ നമ്പർ 16 ലെ തൊഴിലാളികൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയാകുന്നു. പെരുമ്പാവൂർ നഗരസഭ അതിർത്തിയിലെ അങ്കണവാടികൾക്കു മുഴുവൻ കളിപ്പാട്ടങ്ങൾ വിതരണംചെയ്ത് ശ്രദ്ധേയരായിരിക്കുകയാണ് തൊഴിലാളികൾ.
ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ട് പെരുമ്പാവൂർ പട്ടണത്തിൽ മാതൃകയായി പ്രവർത്തിക്കുന്നവരാണ് സി ഐ.ടി.യു പൂൾ നമ്പർ 16 ലെ തൊഴിലാളികൾ. തൊഴിലെടുത്ത് കിട്ടുന്ന തുകയിൽനിന്ന് ചെറിയൊരു തുക മാറ്റിവച്ച് അതിൽ നിന്നാണ് ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്നത്.
അങ്കണവാടി കുട്ടികൾക്ക് കളിപ്പാട്ടങ്ങളും പനി നോക്കുന്നതിന് ഡിജിറ്റൽ തെർമോമീറ്റർ തുടങ്ങിയവ പെരുമ്പാവൂർ പാറപ്പുറം 'കടുവൾ 'പെരുങ്കുളം പുഞ്ച എന്നീ അങ്കണവാടികളിലെ കുട്ടികൾക്ക് നേരത്തെ വിതരണം ചെയ്തിട്ടുണ്ട്.
ചുമട് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മറ്റി അംഗം.ടി.എം. നസീർ, കൗൺസിലർ പി.എസ്. അഭിലാഷ്, സി.പി.എം വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഗിരിബേബി, ഹയറുന്നിസാ നസീർ, ഡി.വൈ.എഫ്.ഐ വെസ്റ്റ് മേഖലാ കമ്മിറ്റി പ്രസിഡന്റ് പി.കെ. സനൂപ്, സി.ഐ.ടി.യു പൂൾനമ്പർ16ലെ തൊഴിലാളികളായ എം.എൻ. മധു, സുബീഷ്, വിജയൻ അപ്പു, പി.ആർ.സുബാഷ് എന്നിവർ കുട്ടികൾക്ക് കളിപ്പാട്ട വിതരണത്തിന് നേതൃത്വം നൽകി.