പെരുമ്പാവൂർ: കുന്നത്തുനാടിന്റെ സാംസ്‌കാരിക തലസ്ഥാനമായ പദവി നഷ്ടമായി വളയൻചിറങ്ങരക്ക് ഹൈമാസ്റ്റ്, മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ സംഗമഭൂമിയെന്ന പദവി ലഭിക്കുമോ എന്ന സംശയത്തിലാണ് നാട്ടുകാർ. ഇന്നസെന്റ് ചാലക്കുടി എം.പി.യായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് ഒന്നര വർഷം പിന്നിടുന്നു. മഴുവന്നൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഈ ലൈറ്റ് സ്ഥാപിച്ചത്. കേവലം 1000 രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തിയാൽ ഈ ഹൈമാസ്റ്റ് ലൈറ്റ് മിഴി തുറക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.
എന്നാൽ ഇതിനൊന്നും മെനക്കെടാതെ ഈ ഹൈമാസ്റ്റ് ലൈറ്റിന് വെറും 15 മീറ്റർ അകലെയായി പുതിയ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരിക്കുകയാണ്. പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി അനുവദിച്ച രണ്ടര ലക്ഷം രൂപ ചെലവഴിച്ചാണ് ഇത് സ്ഥാപിച്ചത്. പെരുമ്പാവൂർ, കുന്നത്തുനാട് നിയമസഭാ മണ്ഡലങ്ങളുടെ സംഗമസ്ഥാനമാണ് വളയൻചിറങ്ങര കവല. എം.പി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉത്തരവാദിത്വം കുന്നത്ത്നാട് മണ്ഡലത്തിനാണെന്നാണ് ചിലർ പറയുന്നത്.
ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന മിനി ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചാൽ കുന്നത്ത്നാട് മണ്ഡലത്തിന്റെ പേരിൽ പുതിയ ലൈറ്റ് വരുമോ എന്ന സംശയവും ഉയരുന്നുണ്ട്. അങ്ങനെ വന്നാൽ വിവിധ ഹൈമാസ്റ്റ് ലൈറ്റുകളുടെ സംഗമഭൂമിയായി വളയൻചിറങ്ങര മാറും. ആരുടെ പേരിലായാലും ജനങ്ങളുടെ നികുതിപ്പണമാണ് ഇങ്ങനെ ധൂർത്തടിക്കപ്പെടുന്നത് എന്ന ആക്ഷേപമാണ് ശക്തമായി ഉയരുന്നത്.
വേണ്ടത്ര തെരുവ് വിളക്കുകളില്ലാതെ പല ഗ്രാമപ്രദേശങ്ങളും ബുദ്ധിമുട്ടുമ്പോൾ ഇത്തരം ധൂർത്തുകൾ അനുവദിക്കരുത്. എം.പി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപ്പണി നടത്തി പ്രവർത്തനയോഗ്യമാക്കുകയാണ് ചെയ്യേണ്ടിയിരുന്നത്
അജിത് വെങ്ങോല
സാഹിത്യകാരൻ