പെരുമ്പാവൂർ: തെങ്ങുകൃഷിയെ സാരമായി ബാധിക്കുന്ന ചെല്ലികളുടെ ആക്രമണം കേരകർഷകർക്ക് വൻ പ്രതിസന്ധി സൃഷ്ടിക്കുന്നു. നാളികേരത്തിനും വെളിച്ചെണ്ണയ്ക്കും അനുദിനം വിലകൂടുന്ന സാഹചര്യത്തിൽ തെങ്ങുകൃഷിയിലേയ്ക്ക് വീണ്ടും തിരിച്ചുവരുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായിട്ടുണ്ട്. പരമ്പരാഗത നാടൻ ഇനങ്ങളും കുള്ളൻ, കുറ്റ്യാടി, ഹൈബ്രിഡ് ഇനങ്ങളുമാണ് കർഷകർ ധാരാളമായി കൃഷിചെയ്യുന്നത്. ഈ തിരിച്ചുവരവിനിടയിലാണ് ചെല്ലിയുടെ ആക്രമണം ശക്തമാകുന്നത്. തെങ്ങിനെ പൂർണമായും നശിപ്പിക്കാൻ കഴിവുള്ള വണ്ട് വിഭാഗത്തിൽപ്പെട്ട കീടമാണ് ചെമ്പൻ ചെല്ലികൾ. തെങ്ങിന്റെ കൂമ്പുകളിലേക്ക് തുരന്നുകയറുന്ന ഇവ കൂമ്പോലകളെയും തെങ്ങിൻചൊട്ടകളെയും കാർന്ന് തിന്നുന്നു. ഇളംകൂമ്പിനെ ആക്രമിക്കുന്നതു കാരണം പൂങ്കുലകൾ നശിപ്പിക്കപ്പെടുകയും തേങ്ങയുടെ ഉത്പാദനം വലിയതോതിൽ കുറയുകയും ചെയ്യുന്നു. ആക്രമണവിധേയമായ ഓലകൾ വിടരുമ്പോൾ അരികിൽനിന്ന് മദ്ധ്യഭാഗത്തേയ്ക്ക് വെട്ടിമുറിച്ചരീതിയിൽ കാണപ്പെടുന്നതാണ് ചെല്ലി ആക്രമണത്തിന്റെ പ്രത്യക്ഷ ലക്ഷണം.
ചെല്ലിക്കോലുപയോഗിച്ച് തെങ്ങിന്റെ മണ്ടയിൽ നിന്ന് വണ്ടിനെ കുത്തിയെടുത്ത് നശിപ്പിച്ചുകളയുന്ന രീതി കർഷകർ പണ്ടുമുതൽ ചെയ്യുന്നതാണ്. എന്നാൽ ചെല്ലികളെ നിയന്ത്രിക്കാൻ ഇതുകൊണ്ട് ആകുന്നില്ല. വീര്യമേറിയ രാസകീടനാശിനികളുപയോഗിച്ചിട്ടും ഇവയെ ഒരുപരിധി മാത്രമെ നിയന്ത്രിക്കാനാകുന്നുള്ളൂ.
അതിനിടെ ചെല്ലിയുടെ ആക്രമണമുണ്ടാകാത്ത ഇനം തെങ്ങിൻതൈകൾ എന്ന പേരിൽ വില്പന നടത്തി സ്വകാര്യ അഗ്രികൾച്ചർ നഴ്സറികളും കച്ചവടചൂഷണവും നടക്കുന്നുണ്ട്.
കൂവപ്പടി പ്രദേശങ്ങളിലെ തെങ്ങുകളിൽ ചെമ്പൻ ചെല്ലിയുടെ ആക്രമണം അതിരൂക്ഷമാണ്. ഒരു തെങ്ങിൽ ശരാശരി പത്ത് മുതൽ എൺപത് വരെ ചെല്ലികൾ ആക്രമണം നടത്തുന്നു. നിലവിലുള്ള നിയന്ത്രണമാർഗങ്ങളൊന്നും പര്യാപ്തമല്ല. നാമമാത്ര ചെറുകിട കേര കർഷകർ പ്രതിസന്ധിയിലാണ്.
കെ.കെ. ശാരദക്കുഞ്ഞമ്മ
കേര കർഷക
ഈ സീസണിലെ ഇടവിട്ടുള്ള മഴ ചെല്ലി നിയന്ത്രണ മാർഗങ്ങൾക്ക് തടസമാകുന്നു. കർഷകർക്ക് വേണ്ടത്ര ബോധവത്‌കരണം നൽകാൻ കൃഷിവകുപ്പ് തയ്യാറാകണം. സൗജന്യകീടനാശിനികൾ അടിയന്തരമായി വിതരണം ചെയ്തില്ലെങ്കിൽ കേരകർഷകർ കൂടുതൽ പ്രതിസന്ധിയിലാകും
മണി കൈതക്കോട്
കേര കർഷകൻ