കൊച്ചി:ഡയപ്പറും സാനിറ്ററി നാപ്കിനും ഉൾപ്പെടെ ഗാർഹിക ബയോമെഡിക്കൽ മാലിന്യങ്ങൾ സബ്സിഡി നിരക്കിൽ ശേഖരിക്കുന്നത് കൊച്ചി കോർപ്പറേഷൻ പുന:രാരംഭിച്ചു. അമ്പലമുകളിലെ കീൽപ്ലാന്റിന്റെ പ്രവർത്തനം നിറുത്തിവച്ചതുമൂലം ‌ വീടുകളിൽ നിന്നുള്ള ബയോമാലിന്യ ശേഖരണത്തിന് കോർപ്പറേഷൻ ഉയർന്ന തുക ഈടാക്കുന്നതായി കഴിഞ്ഞദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

ഡയപ്പർ ശേഖരണ പ്ലാന്റ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയ സാ‌ചര്യത്തിൽ ഇന്നലെ മുതൽ ആക്രി ആപ്പ് മുഖേന പഴയരീതിയിൽ ഡയപ്പർശേഖരണം പുനരാരംഭിച്ചതായി കോർപ്പറേഷൻ ആരോഗ്യസ്ഥിര സമിതി അദ്ധ്യക്ഷൻ ടി.കെ. അഷറഫ് അറിയിച്ചു.

കീൽപ്ലാന്റിലെ സംസ്കരണത്തിന് കോർപ്പറേഷൻ സബ്സിഡി നിരക്കിലാണ് ബയോമാലിന്യം ശേഖരിച്ചിരുന്നത്. അറ്റകുറ്റപ്പണിക്കായി പ്ലാന്റ് അടച്ചതോടെ സബ്സിഡി നിറുത്തി. പുറമെയുള്ള പ്ലാന്റിൽ സംസ്കരിക്കുന്നുവെന്ന ന്യായം പറഞ്ഞ് ഉയ‌‌ർന്ന തുകയാണ് കോർപ്പേറഷൻ പരിധിയിലെ താമസക്കാരിൽ നിന്ന് ഈടാക്കിവന്നത്. ഇത് വ്യാപകപ്രതിഷേധത്തിനും ഇടയാക്കി.