കൊച്ചി: തെരുവുനായ ശല്യംകൊണ്ട് പൊറുതിമുട്ടിയ ഏലൂർ നഗരസഭയിൽ പ്രതിരോധ വാക്സിനേഷൻ ഡ്രൈവ് നടക്കുന്നതിനിടെ 15 നായ്ക്കളെ വിഷം കലർത്തിയ ഭക്ഷണം നൽകി കൂട്ടക്കുരുതി നടത്തിയെന്ന് മൃഗസ്നേഹികൾ. ചത്തത് മൂന്നു തെരുവുനായ്ക്കൾ മാത്രമാണെന്ന് നഗരസഭ. മൃഗങ്ങളെ അപായപ്പെടുത്തിയതിന് കേസെടുത്തിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം തുടരന്വേഷണമെന്നും പൊലീസ്.
തിങ്കളാഴ്ച പുലർച്ചെയാണ് നഗരസഭയിലെ ആറ്, 29, 30 വാർഡുകളിൽപ്പെട്ട ബേക്കറി ജംഗ്ഷൻ, ടെമ്പിൾ ബൈലൈൻ റോഡ്, നാറാണത്ത് ക്ഷേത്ര പരിസരം ഭാഗങ്ങളിൽ തെരുവുനായ്ക്കളെ ചത്തനിലയിൽ കണ്ടത്. ഏലൂരിലും പരിസരത്തുമുള്ള തെരുവുനായ്ക്കൾക്ക് സ്ഥിരമായി ഭക്ഷണം നൽകുന്ന മുപ്പത്തടം സ്വദേശി ലതാസുരേഷും ഇടപ്പള്ളിയിൽ താമസിക്കുന്ന ഊർമിള മനോജുമാണ് തെരുവുനായ്ക്കളെ ചത്തനിലയിൽ കണ്ടത്. പ്രദേശവാസിയായ രാജേഷ് മാളിയേക്കൽ പരിപാലിക്കുന്ന തെരുവുനായയും ഇതിൽപ്പെടും.
മൃഗസ്നേഹികൾ എത്തിയ ശേഷമാണ് നായ്ക്കളിലൊന്ന് ചത്തത്. ഊർമിള നൽകിയ പരാതിയിൽ മൃഗങ്ങളെ അപായപ്പെടുത്തിയതിന് ബി.എൻ.എസ് വകുപ്പ് പ്രകാരം കേസെടുത്ത ഏലൂർ പൊലീസ് രണ്ട് നായ്ക്കളെ പോസ്റ്റ്മോർട്ടത്തിനായി ഏലൂർ വെറ്റിനറി കേന്ദ്രത്തിലേക്ക് മാറ്റി. പരാതിയില്ലെന്ന് രാജേഷ് അറിയിച്ചതിനെ തുടർന്നാണ് ഒരെണ്ണത്തെ ഒഴിവാക്കിയത്. ഊർമിളയുടെ പരാതി പ്രകാരം 15 നായ്ക്കളെ കൊന്നതായിട്ടാണ് എഫ്.ഐ.ആർ.
ഒരാഴ്ച മുമ്പ് ഫാക്റ്റ് ഉദ്യോഗമണ്ഡൽ മൈതാനത്തിന് സമീപം കരാർജീവനക്കാരനായ ബെന്നിയ്ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ബെന്നി കുത്തിവെയ്പ്പിന് വിധേയനായതിന് പിന്നാലെ തെരുവുനായ ചത്തു. ഇതിനു ശേഷമാണം ആഗസ്റ്റ് 1 മുതൽ നഗരസഭയുടെ നേതൃത്വത്തിൽ തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിനേഷൻ തുടങ്ങിയത്. ഇതിനിടെ, വാക്സിനേഷൻ നൽകുന്നതിനായി കൂട്ടിലാക്കിയ തെരുവുനായ്ക്കളെ ബലംപ്രയോഗിച്ച് തുറന്നുവിടുകയും നഗരസഭാ ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്ത വരാപ്പുഴ സ്വദേശി പോൾ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പുചുമത്തി റിമാൻഡ് ചെയ്തിരുന്നു.