മരട്: മരട്‌പേട്ടയിൽ ഓൺലൈൻ ടാക്‌സി കാർ കാനയിൽ വീണു. ഗൂഗിൾ മാപ്പ് നോക്കി യാത്രക്കാരെ എടുക്കാൻ വരുന്നതിനിടെ വഴിതെറ്റി കാർ തിരിക്കുന്നതിനിടയിലാണ് റോഡിനോട് ചേർന്നുള്ള കാനയിലേക്ക് വീണത്. പേട്ട താമരശ്ശേരി റോഡിൽ പുലർച്ചെ 5:45 ഓടെയാണ് സംഭവം. പുലർച്ചെ മുതൽ പെയ്യുന്ന ശക്തമായ മഴയിൽ കാനയും റോഡും തിരിച്ചറിയാൻ കഴിയാത്ത വിധം സ്ഥലത്ത് വെള്ളം കയറിയിരുന്നു. സ്ഥലപരിചയമില്ലാത്ത ഓൺലൈൻ ടാക്‌സി ഡ്രൈവറാണ് അപകടത്തിൽപ്പെട്ടത്.
അപകടം നടന്ന സമയത്ത് ഡ്രൈവർ മാത്രമാണ് കാറിലുണ്ടായിരുന്നത്. വഴിയാണെന്ന് തെറ്റിദ്ധരിച്ച് കാർ തിരിച്ചപ്പോഴാണ് കാനയിലേക്ക് വീണത്. ഉടൻ തന്നെ ഡോറിന്റെ ഗ്ലാസ് താഴ്ത്തി അതിലൂടെ കാറിൽ നിന്നിറങ്ങി അദ്ദേഹം രക്ഷപ്പെട്ടു. നാട്ടുകാരുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ രാവിലെ 10 മണിയോടെ റിക്കവറി വാഹനം ഉപയോഗിച്ച് കാർ പുറത്തെടുത്തു. രണ്ട് തവണ ബൈക്കും ഒരു തവണ ഓട്ടോറിക്ഷയും ട്രാവലറും കാനയിൽ വീണ് അപകടത്തിൽപ്പെട്ടിട്ടുണ്ട്.