കൊച്ചി: പതിറ്റാണ്ടുകൾക്ക് മുമ്പ് ഭക്തൻ ദാനം ചെയ്ത എറണാകുളം നഗരമദ്ധ്യത്തിലെ ഭൂമി കൈയ്യേറാനുള്ള ശ്രമം ശിവസേനാ പ്രവർത്തകർ ഇന്നലെ തടഞ്ഞു. എം.ജി.റോഡ് ജോസ് ജംഗ്ഷന് സമീപത്തെ 15 സെന്റ് ഭൂമിയാണ് സമീപത്തെ വ്യാപാര സ്ഥാപനം കൈയടക്കാൻ ശ്രമിക്കുന്നത്. ഇവിടെ ഇവരുടെ കെട്ടിടാവശിഷ്ടങ്ങളും മറ്റും വൻതോതിൽ നിക്ഷേപിച്ചിരിക്കുകയാണ്. അതിർത്തികളും മതിലും നശിപ്പിച്ച നിലയിലാണ്. ഇന്നലെ ഭൂമിയിലെ കാടുകൾ വെട്ടി പണികൾ നടത്താൻ തുനിഞ്ഞപ്പോഴാണ് ശിവസേനാ സംസ്ഥാന പ്രസിഡന്റ് സജി തുരുത്തിക്കുന്നേലിന്റെ നേതൃത്വത്തിൽ പ്രവർത്തകർ എത്തി കൊടികൾ നാട്ടിയത്.
കോടികൾ വിലമതിക്കുന്ന സ്ഥലം ഏറ്റെടുക്കാൻ ഗുരുവായൂർ ദേവസ്വം ബോർഡ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ ഭൂമി സംബന്ധിച്ച വ്യവഹാരങ്ങളിലും ബോർഡ് കക്ഷിയായിട്ടില്ല. കൊച്ചി മെട്രോയ്‌ക്ക് വേണ്ടി ഇവിടത്തെ കെട്ടിടം പൊളിച്ചതിന്റെയും ഏറ്റെടുത്ത ഭൂമിയുടെയും കോടികളുടെ നഷ്ടപരിഹാരവും സർക്കാരിൽ നിന്ന് ആരും വാങ്ങിയിട്ടില്ലെന്നാണ് അറിയുന്നതെന്ന് സജി തുരുത്തിക്കുന്നേൽ പറഞ്ഞു. ഭക്തർ ഭഗവാന് സമർപ്പിച്ച സ്വത്തുക്കൾ അന്യാധീനപ്പെടുത്തുന്ന നിലപാട് ഉപേക്ഷിച്ച് ഉൗർജിത നടപടികൾ സ്വീകരിക്കാൻ ദേവസ്വം ബോർഡ് തയ്യാറാകണമെന്നും സജി ആവശ്യപ്പെട്ടു.