കോലഞ്ചേരി: വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിച്ചെന്നാരോപിച്ച് ഐക്കരനാട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോൺഗ്രസ് മണ്ഡലംകമ്മിറ്റി കുറ്റപത്രസദസ് നടത്തി. ഇന്ത്റാൻചിറയോട് ചേർന്നുകിടക്കുന്ന പമ്പ്ഹൗസ് ഏതുനിമിഷവും ഇടിഞ്ഞുവീഴാറായ അവസ്ഥയിൽ നിൽക്കുമ്പോൾ അതിന്റെ പുനരുദ്ധാരണം നടത്താതെ പഞ്ചായത്തിലെ മുഴുവൻ വീടുകൾക്കും ശുദ്ധജലമെത്തിച്ചെന്ന് പറയുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്നതാണ്. പഞ്ചായത്തിലോ സമീപപ്രദേശങ്ങളിലോ എവിടെയെങ്കിലും പുതുതായി പമ്പ് ഹൗസോ കുടിവെള്ളടാങ്കോ സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. പെരുവുംമൂഴി, കടയിരുപ്പ് ഉൾപ്പെടെയുള്ള അങ്കണവാടികൾ നാളുകളേറെയായി ദുരവസ്ഥയിലാണ്. വർക്കർമാരുടെയും ഹെൽപ്പർമാരുടെയും നിയമനം നടത്താത്തതിനാൽ പ്രവർത്തനവും അവതാളത്തിലാണ്.
ഭരണസമിതിയുടെ കാലത്ത് പൊളിച്ചിട്ടിരിക്കുന്ന പഴന്തോട്ടം പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് പണിതില്ല. നെൽക്കർഷകരെ സഹായിക്കാനെന്ന പേരിൽ പഞ്ചായത്ത് നൽകിയ കൊയ്ത്തുയന്ത്റത്തിന് സ്വകാര്യ വ്യക്തികളുടെ വാടകയെക്കാൾ കൂടുതലാണ് ഈടാക്കിയത്. ഐക്കരനാട് പഞ്ചായത്തിൽ ഭക്ഷ്യസുരക്ഷ മാർക്കറ്റ് സ്ഥാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപനം നടത്തി വോട്ട് നേടിയെങ്കിലും പാഴ്‌വാക്കായെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
എ.ഐ.സി.സി സെക്രട്ടറി ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എം. ജോർജ് അദ്ധ്യക്ഷനായി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി ഐ.കെ. രാജു, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.പി. ജോയ്, എം.ടി. ജോയ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. എൽദോ, ജെയിംസ് പാറക്കാട്ടിൽ എന്നിവർ സംസാരിച്ചു.