k

കൊച്ചി: കണ്ണൂർ മുഴപ്പിലങ്ങാട്ടെ ആർ.എസ്.എസ് പ്രവർത്തകൻ എളമ്പിലായി സൂരജിനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സി.പി.എം പ്രവർത്തകനായ അഞ്ചാം പ്രതി കൂത്തുപറമ്പ് നരവൂർ മമ്മാലി ഹൗസിൽ പി.എം. മനോരാജിന്റെ(44) ജീവപര്യന്തം തടവു ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മനോരാജിന്റെ ഹർജിയിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. തലശേരി സെഷൻസ് കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലിനൊപ്പം ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവും ഉന്നയിക്കുകയായിരുന്നു.

കേസിന്റെ ആദ്യഘട്ടത്തിൽ താൻ പ്രതിയായിരുന്നില്ലെന്നും പിന്നീട് പ്രതി ചേർത്തതിൽ തെറ്റുണ്ടെന്നുമുള്ള ഹർജിക്കാരന്റെ വാദത്തിൽ പ്രഥമദൃഷ്ട്യാ വസ്തുതയുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യ തുകയുടെ രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. 2005 ആഗസ്റ്റ് അഞ്ചിനാണ് സൂരജ് കൊല്ലപ്പെട്ടത്. കേസിൽ ആറ് വർഷത്തിന് ശേഷമാണ് പ്രതിയാക്കിയതെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

സംഭവം നടന്ന് 19 വർഷങ്ങൾക്ക് ശേഷം നടന്ന വിസ്താരത്തിൽ ഹർജിക്കാരനെ സാക്ഷികൾ തിരിച്ചറിഞ്ഞെന്ന പ്രോസിക്യൂഷൻ നിലപാട് സംശയകരമാണെന്ന് കോടതി പറഞ്ഞു. പക്ഷേ, മനോരാജ് നിരപരാധിയാണെന്ന് ഈ ഘട്ടത്തിൽ പറയാനാകില്ല. കുറ്റക്കാരനായി കണ്ടെത്തിയ വിചാരണക്കോടതിയുടെ ഉത്തരവിൽ പ്രഥമദൃഷ്ട്യാ അപാകതയുണ്ടെന്നും വിലയിരുത്തിയാണ് ശിക്ഷ മരവിപ്പിച്ചത്.മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരനാണ് മനോരാജ്. അപ്പീലിൽ പിന്നീട് വിശദമായ വാദം കേൾക്കും. സൂരജ് വധക്കേസിൽ എട്ട് സി.പി.എം പ്രവർത്തകരെയാണ് മാർച്ച് 24 ന് വിചാരണക്കോടതി ജീവപര്യന്തം ശിക്ഷിച്ചത്.