പള്ളുരുത്തി : സ്വകാര്യ ബസിൽ നിന്ന് ഇറങ്ങവേ അതിവേഗം മുന്നോട്ടെടുത്ത വാഹനത്തിൽ നിന്ന് താഴേക്ക് വീണ വീട്ടമ്മയുമായി വാഹനം മുന്നോട്ടു നീങ്ങി. വാഹനത്തിന്റെ കമ്പിയിൽ നിന്ന് പിടിവിടാത്തതിനാൽ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്. ഇന്നലെ രാവിലെ 9.30 ഓടെ പെരുമ്പടപ്പ് കൊവേന്ത ജംഗ്ഷനിലാണ് സംഭവം. കലൂരിൽ നിന്നുമാണ് പെരുമ്പടപ്പ് സ്വദേശി ഗീത എറണാകുളം പെരുമ്പടപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ കയറിയത്. സ്റ്റോപ്പിൽ നിറുത്തി താഴേക്ക് ഇറങ്ങുന്നതിനിടയിൽ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. യാത്രക്കാർ ബഹളം വച്ചതിനെ തുടർന്നാണ് ബസ് നിറുത്തിയത്. അശ്രദ്ധമായി പെരുമാറിയ ബസ് ജീവനക്കാർക്ക് എതിരെ പള്ളുരുത്തി ട്രാഫിക്ക് പൊലീസിൽ വീട്ടമ്മ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.