കൊച്ചി: യു.പി.എസ്.സിയുടെ സെൻട്രൽ ആംഡ് പൊലീസ് സർവീസ് പരീക്ഷയെഴുതാനെത്തിയ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെ ജാക്കറ്റിലൊളിപ്പിച്ച വയർലെസ് സെറ്റും ട്രാൻസ്മിറ്ററുമായി പരീക്ഷാഹാളിൽ നിന്ന് അറസ്റ്റ് ചെയ്തു. സമീപമുള്ള ഹോട്ടൽ മുറിയിൽ മറ്റൊരു വയർലെസ് സെറ്റുമായി ഇയാളുടെ കൂട്ടുകാരിയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു.
ഛത്തീസ്ഗഡിൽ സി.ആർ.പി.എഫ് സബ് ഇൻസ്പെക്ടറായ ബിഹാർ സ്വദേശിയും കൂട്ടാളികളുമാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച എറണാകുളം എസ്.ആർ.വി സ്കൂളിൽ സി.ആർ.പി.എഫ് അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ക്രമക്കേടിന് ശ്രമം നടന്നത്.
സ്കൂളിന്റെ പ്രധാനകവാടത്തിൽ സ്ഥാപിച്ചിരുന്ന മെറ്റൽ ഡിറ്റക്ടർ സംവിധാനം മറികടന്നാണ് ഇയാൾ ജാക്കറ്റും ഉപകരണങ്ങളുമായി സ്കൂൾ വളപ്പിൽ എത്തിയത്. പരീക്ഷയ്ക്കു മുമ്പുള്ള ദേഹപരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ ജാക്കറ്റ് സ്കൂൾ വളപ്പിൽ ഒളിപ്പിച്ചു. ദേഹപരിശോധനയ്‌ക്കു ശേഷം ജാക്കറ്റ് ധരിച്ച് പരീക്ഷാഹാളിൽ കടന്നു. ജാക്കറ്റിനുള്ളിലാണ് വയർലെസ് സെറ്റും ട്രാൻസ്മിറ്ററും ഒളിപ്പിച്ചത്.
ഇയാളുടെ ജാക്കറ്റിൽ ഒളിപ്പിച്ചിരുന്ന പഴയ ചോദ്യപേപ്പർ അബദ്ധത്തിൽ നിലത്ത് വീഴുന്നത് കണ്ട് ഇൻവിജിലേറ്റർക്ക് സംശയം തോന്നിയതാണ് കള്ളി പൊളിയാൻ കാരണം. ഇൻവിജിലേറ്ററുടെ നിർദ്ദേശപ്രകാരം സുരക്ഷാ ഉദ്യോഗസ്ഥർ ദേഹപരിശോധന നടത്തിയപ്പോൾ വയർലെസും ട്രാൻസ്മിറ്ററും കണ്ടെടുത്തു. തുടർന്നാണ് എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്.ആർ.വി സ്കൂളിന് സമീപത്തെ ഹോട്ടലിലാണ് ഇയാളും സംഘവും തങ്ങിയിരുന്നത്. തമിഴ്നാട് സ്വദേശിനിയായ സ്നേഹിതയെയും ബിഹാർ സ്വദേശിയായ സ്നേഹിതനെയും ഇവിടെ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മൂന്നുപേരെയും റിമാൻഡ് ചെയ്തു. പരീക്ഷാഹാളിൽ നിന്ന് ഉത്തരം കേട്ടെഴുതാനാണ് ആർ.പി.എഫ് ഉദ്യോഗസ്ഥൻ ശ്രമിച്ചെതെന്ന് സംശയിക്കുന്നു.