fish

കൊച്ചി: ഇന്ത്യൻ ഉത്പ്പന്നങ്ങൾക്ക് ഉയർന്ന ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കം മത്സ്യബന്ധന, സംസ്‌കരണ, കയറ്റുമതി മേഖലകളെ കടുത്ത ആശങ്കയിലാക്കുന്നു. മത്സ്യലഭ്യതയിൽ കുറവ് നേരിടുന്ന ചെറുകിട, പരമ്പരാഗത മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലകളിലെ തൊഴിലാളികൾക്ക് തൊഴിലും വരുമാനവും തകരുമെന്ന ഭീതിയിലാണ്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറക്കിയ ഉത്തരവ് പ്രകാരം ഇന്ത്യൻ ഉത്പ്പന്നങ്ങൾക്ക് 25 ശതമാനം തീരുവയാണ് ചുമത്തുന്നത്. സമുദ്രോൽപ്പന്ന മേഖലയെ ഇത് ബാധിക്കും. കഴിഞ്ഞ വർഷം ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത സമുദ്രോത്പ്പന്നങ്ങളിൽ 90 ശതമാനവും ചെമ്മീനായിരുന്നു. ഏകദേശം 2.3 ദശലക്ഷം ഡോളർ മൂല്യമുള്ള ചെമ്മീനാണ് കയറ്റുമതി ചെയ്തത്. ഏപ്രിലിൽ തീരുവ ചുമത്താൻ തുടങ്ങിയെങ്കിലും ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും വിഷയം പരിഹരിക്കാൻ ഇന്ത്യയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇന്ത്യൻ സമുദ്രോത്പ്പന്നങ്ങൾക്ക് ആഗസ്റ്റ് മുതൽ 34.21 ശതമാനം നികുതിയാണ് നൽകേണ്ടത്. അതേസമയം, ഗ്വാട്ടിമാല, ഇന്തോനേഷ്യ, തായ്‌ലൻഡ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങൾക്ക് കുറഞ്ഞ നികുതിയാണ്. ഇത് ആഗോള വിപണിയിൽ ഇന്ത്യൻ ഉത്പ്പന്നങ്ങൾക്ക് മത്സരക്ഷമത കുറയ്ക്കും. ചൈന, യു.കെ തുടങ്ങിയ മറ്റ് വിപണികളിലേക്ക് കയറ്റുമതി വർദ്ധിപ്പിച്ച് നഷ്ടം നികത്തുന്നത് എളുപ്പമല്ലെന്ന് മത്സ്യമേഖലയിലെ വിദഗ്ദ്ധർ പറയുന്നു.

അമേരിക്കയുടെ മുൻകാല നടപടികളും നയങ്ങളും
മുമ്പും സമാന നടപടികൾ: കടലാമ സംരക്ഷണത്തിന്റെ പേരിൽ ഇന്ത്യൻ ചെമ്മീന് അമേരിക്ക നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇത് അക്വാകൾച്ചറിലൂടെ ഉത്പാദിപ്പിച്ച ചെമ്മീൻ ഉപയോഗിച്ച് അമേരിക്കൻ വിപണി പിടിക്കാൻ മറ്റ് രാജ്യങ്ങൾക്ക് അവസരമൊരുക്കി. ഇതിന്റെ ഫലമായി അരൂരിലെ ചില കയറ്റുമതി ഫാക്ടറികൾ അടച്ചുപൂട്ടി. തിമിംഗലങ്ങളുടെയും കടൽപ്പന്നികളുടെയും സംരക്ഷണത്തിന്റെ പേരിലും നിരോധനത്തിന് നീക്കമുണ്ടായിരുന്നു.

കേന്ദ്രസർക്കാർ നടപടികൾ: അമേരിക്കയുമായി മൂന്നുമാസം ലഭിച്ചിട്ടും തീരുവ സംബന്ധിച്ച ചർച്ചകൾ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കേന്ദ്രസർക്കാരിന് കഴിഞ്ഞില്ല. ഇതിനുപുറമെ, ഇന്ത്യൻ സമുദ്രത്തിൽ വൻകിട കപ്പലുകൾക്ക് പ്രവർത്തനാനുമതി നൽകുകയും പുറംകടലിൽ മണൽ ഖനന നീക്കങ്ങളുമായി മുന്നോട്ട് പോവുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നടപടികൾ പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും മേഖലയെയും സംരക്ഷിക്കാൻ പര്യാപ്തമല്ലെന്ന് ആക്ഷേപമുണ്ട്.

പ്രതിഷേധ മാർച്ച്
അമേരിക്കയുടെ തീരുവ വർദ്ധനവിലും കേന്ദ്രസർക്കാർ നയങ്ങളിലും പ്രതിഷേധിച്ച് കേരള മത്സ്യത്തൊഴിലാളി ഐക്യവേദിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ. ഓഫീസിലേക്ക് മാർച്ച് നടത്തി. ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ജോർജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എൻ.എ. ജെയിൻ അധ്യക്ഷത വഹിച്ചു. സുരേഷ് ശർമ, സലിം ബാബു, ജയകൃഷ്ണൻ, വി.എൻ. ആനന്ദൻ, പി.വി. രാജൻ, വി.എൻ. ഷൺമുഖൻ എന്നിവർ പ്രസംഗിച്ചു.

സമുദ്രോത്പന്നങ്ങൾക്ക് അധികനികുതി ഏർപ്പെടുത്തിയത് പിൻവലിപ്പിക്കാൻ കേന്ദ്രം അടിയന്തരനടപടി സ്വീകരിക്കണം. കയറ്റുമതി മേഖലയെ സംരക്ഷിക്കണം.

ചാൾസ് ജോർജ്

പ്രസിഡന്റ്

കേരള മത്സ്യത്തൊഴിലാളി ഐക്യവേദി