ആലുവ: ഡൽഹി എയിംസിലെ മലയാളി ഡോക്ടർ ആർ.എസ്. ശരത് എക്‌സിൽ പങ്കുവച്ച സന്ദേശമാണ് രണ്ടുവയസുകാരനായ ഉമറിന്റെ കരൾമാറ്റ ശസ്ത്രക്രിയക്ക് അവസരമൊരുക്കിയത്. അപൂർവമായ ജനിതകരോഗത്തിന് രാജ്യത്ത് നടക്കുന്ന ആദ്യത്തെ ശസ്ത്രക്രിയയാണിത്.
ഡോ. ആർ.എസ്. ശരത്തിന്റെ കുറിപ്പ് ആലുവ രാജഗിരി ആശുപത്രിയിലെ കരൾരോഗ വിദഗ്ദ്ധൻ ഡോ. സിറിയക് അബി ഫിലിപ്പിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അമ്മയാണ് കരളിന്റെ ഒരു ഭാഗം കുഞ്ഞിന് ദാനം ചെയ്തത്. രക്തഗ്രൂപ്പിലെ പൊരുത്തക്കേടുകൾ മറികടന്നായിരുന്നു ശസ്ത്രക്രിയ.
ജനിച്ച് നാൾ മുതൽ ഭക്ഷണം കഴിച്ചാൽ ഛർദ്ദിയും ബോധക്ഷയവും പോലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന ഉമറിന് എയിംസിൽ നടത്തിയ പരിശോധനയിലാണ് മെഥൈൽമലോണിക് അസിഡീമിയ (എം.എം.എ) എന്ന അപൂർവ ജനിതകരോഗം കണ്ടെത്തിയത്. കരളിൽ ആവശ്യമായ എൻസൈമുകൾ ഉത്പാദിപ്പിക്കാൻ കഴിയാത്തതാണ് രോഗത്തിന്റെ പ്രധാന കാരണം. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളുടെ ദഹനപ്രക്രിയയെയാണ് രോഗം ബാധിക്കുന്നത്.
കരൾമാറ്റിവയ്ക്കുക മാത്രമായിരുന്നു ഉമറിന് മുന്നിലുള്ള ഒരേയൊരു വഴി. എന്നാൽ, കുട്ടികൾക്ക് കരൾ മാറ്റിവയ്ക്കുന്നതിനുള്ള സൗകര്യം എയിംസിലില്ല. ഇതേത്തുടർന്ന് ഉമറിന്റെ അമ്മ സാനിയയുടെ നിസഹായാവസ്ഥ മനസിലാക്കിയാണ് ഡോ. ശരത് എക്‌സിലൂടെ സഹായം അഭ്യർത്ഥിച്ചത്.
ഫെബ്രുവരി 11ന് സാനിയ കുഞ്ഞുമായി രാജഗിരിയിലെത്തി. ഡോ. ബിജു ചന്ദ്രന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘം കരൾമാറ്റിവയ്ക്കലിനായി രൂപീകരിച്ചു. എയിംസിലെയും രാജഗിരിയിലെയും വിദഗ്ദ്ധരായ ഡോക്ടർമാരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ശസ്ത്രക്രിയ നടന്നത്. സാധാരണ കരൾമാറ്റ ശസ്ത്രക്രിയയേക്കാൾ ചെലവേറിയ ചികിത്സയായിരുന്നിട്ടും സാനിയയുടെ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കി 40 ലക്ഷത്തോളം രാജഗിരി ആശുപത്രിയാണ് വഹിച്ചത്.
രാജഗിരി ആശുപത്രിയിലെയും എയിംസിലെയും ഡോക്ടർമാരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ശസ്ത്രക്രിയയുടെ വിജയമെന്ന് ഡോ. ബിജു ചന്ദ്രൻ പറഞ്ഞു.