കൊച്ചി: വിദേശമദ്യം പിടിച്ചെടുത്ത കേസിൽ നിന്ന് ഒഴിവാക്കാൻ 6 ലക്ഷം രൂപ കോഴ ചോദിച്ചെന്നാരോപിച്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ ആയിരുന്ന കെ.ജി. രതീഷ് നൽകിയ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. സംഭവം നടന്ന് അഞ്ചു വർഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്നും ആരോപിക്കുന്ന കുറ്റങ്ങൾക്ക് വസ്‌തുതകൾ കണ്ടെത്താനായില്ലെന്നും വ്യക്തമാക്കിയാണ് ഉത്തരവ്.
2020 മേയിലാണ് കേസിനാസ്പദമായ സംഭവം. ഹർജിക്കാരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രവാസിയായ സജി ഫിലിപ്പിന്റെ വീട് റെയ്ഡ് ചെയ്ത് 4 ലീറ്റർ വിദേശമദ്യം പിടിച്ചെടുത്തിരുന്നു. കേസിൽ നിന്ന് ഒഴിവാക്കാൻ പിന്നീട് ഇടനിലക്കാരി വഴി കോഴ ആവശ്യപ്പെട്ടെന്നാണ് ആരോപണം. വിജിലൻസ് കേസിൽ പ്രൊബേഷൻ എസ്.ഐ എൻ.ജെ. സുനേഖ്, സി.പി.ഒമാരായ ദിൻലാൽ ഡി. മോഹൻ, അബീഷ് പി. ഏബ്രഹാം, ഇടനിലക്കാരിയെന്നാരോപിക്കുന്ന ഏല്യാമ്മ എന്നിവരെയും പ്രതിചേർത്തിരുന്നു. വ്യാജ മഹസർ ചമച്ചാണ് തൊണ്ടിമുതൽ കോടതിയിൽ ഹാജരാക്കിയതെന്നും വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു.
എന്നാൽ 4 ലീറ്റർ മദ്യത്തിന് 6 ലക്ഷം കോഴ ചോദിച്ചെന്ന ആരോപണം അതിശയോക്തിപരമാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വി. സേതുനാഥ് വാദിച്ചു. പ്രമോഷൻ തടയാനാണ് അന്വേഷണം വൈകിക്കുന്നതെന്നും പറഞ്ഞു. വ്യാജ മഹസർ ഉൾപ്പെടെ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾക്ക് തെളിവു കണ്ടെത്താൻ വിജിലൻസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. പ്രഥമദൃഷ്ട്യാ നടപടിക്രമങ്ങളിലെ പിഴവു മാത്രമാണ് ഹർജിക്കാരനിൽ നിന്ന് ഉണ്ടായതെന്ന് വിലയിരുത്തിയാണ് വിജിലൻസിന്റെ എഫ്.ഐ.ആർ റദ്ദാക്കിയത്.