padam

കൊച്ചി: കൊച്ചി കായലിൽ തലകീഴായി ചെളിയിൽ പുതഞ്ഞനിലയിൽ കണ്ട യുവാവ് മരിച്ചു. കാഞ്ഞിരമറ്റം ചാലാക്കപ്പാറ പുതുശേരി കിഴക്കേപാനാട്ടിൽ വീട്ടിൽ ജെയിംസിന്റെ മകൻ ജെറിനാണ് (33) മരിച്ചത്. ചൊവ്വാഴ്ച അർദ്ധരാത്രി മറൈൻഡ്രൈവിന് സമീപമായിരുന്നു സംഭവം. സംരക്ഷണഭിത്തിയിൽ കിടന്നുറങ്ങുന്നതിനിടെ മറിഞ്ഞ് കായലിലേക്ക് വീണെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് ദക്ഷിണ നാവികേസന ആസ്ഥാനത്ത് നിന്നു മുങ്ങൽ വിദഗ്ദ്ധരെത്തി ഏറെ പണിപ്പെട്ടാണ് ചെളിയിൽ നിന്ന് പുറത്തെടുത്തത്. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കായില്ല.

ജോലി തേടി വിദേശത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ജെറിയെന്ന് അടുത്ത ബന്ധുവായ കെ.ജെ ജോർജ് പറഞ്ഞു. കഴിഞ്ഞദിവസം രാത്രി വീട്ടിൽ നിന്ന് ബൈക്കെടുത്ത് കൊച്ചിയിലേക്ക് പോവുകയായിരുന്നു. അത്മഹത്യചെയ്യേണ്ട സാഹചര്യം അവനുണ്ടായിരുന്നില്ലെന്നും ജോർജ് പറഞ്ഞു. വീട്ടിൽ നിന്ന് വഴക്കിട്ട് ഇറങ്ങിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞതെന്ന് എറണാകുളം സെൻട്രൽ പൊലീസ് അറിയിച്ചു.

ജെറി മാനസിക പിരിമുറുക്കം നേരിട്ടിരുന്നു. ഉറക്കത്തിൽ വീണതാണോ കായലിലേക്ക് എടുത്തുചാടിയതാണോയെന്ന് അന്വേഷിച്ചുവരികയാണ്.

മേഖലയിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കും. സെൻട്രൽ സി.ഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. ശേഷം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വൈകിട്ട് സംസ്‌കാരം നടത്തി. ലീലാമ്മയാണ് മാതാവ്.