1
ചിത്രം

മട്ടാഞ്ചേരി: ട്രോളിംഗ് നിരോധിച്ചെങ്കിലും അതിന്റെ ഫലമൊന്നും കടലിൽ കാണാനില്ലെന്ന് മത്സ്യത്തൊഴിലാളികൾ. ട്രോളിംഗ് നിരോധനം കഴിഞ്ഞ് വലിയ പ്രതീക്ഷയോടെ കടലിലിറങ്ങിയ ബോട്ടുകൾ മീനും ചെമ്മീനുമില്ലാതെ മടങ്ങുകയാണ്. ദിവസവും മത്സ്യബന്ധനത്തിനുപോയി മടങ്ങിവരുന്ന പേഴ്‌സീൻ നെറ്റ് ബോട്ടുകളാണ് കാര്യമായി മത്സ്യലഭ്യതയില്ലാതെ മടങ്ങുന്നത്. സാധാരണയായി ട്രോളിംഗ് നിരോധനം കഴിഞ്ഞ് കടലിൽ ഇറങ്ങുന്ന ബോട്ടുകൾ നിറയെ മത്സ്യവുമായാണ് മടങ്ങാറുള്ളത്. എന്നാൽ ചാകര പ്രതീക്ഷയോടെ കടലിലിറങ്ങിയ ബോട്ടുകൾക്ക് ആദ്യ ദിനംതന്നെ നിരാശയായിരുന്നു ഫലം. കഴിഞ്ഞ ദിവസങ്ങളിലും മാറ്റമൊന്നുമില്ല. മത്സ്യലഭ്യത കുറയുന്നതിനുള്ള കാരണം അശാസ്ത്രീയമായ മത്സ്യബന്ധന രീതികളാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

കടലിലുള്ള 45 ഓളം പേഴ്‌സീൻ നെറ്റ് ബോട്ടുകളിൽ രണ്ടോ മൂന്നോ എണ്ണത്തിന് മാത്രമാണ് ചെറിയ തോതിലെങ്കിലും അയലയും ചൂരയും ലഭിച്ചത്. മറ്റ് ബോട്ടുകളെല്ലാം കാലിയായാണ് മടങ്ങിയത്. ചെലവുകാശുപോലും ലഭിക്കാതെ നട്ടംതിരിയുന്ന സാഹചര്യമാണ്. കാലാവസ്ഥ അനുകൂലമല്ലാത്തതും പ്രതിസന്ധിക്ക് കാരണമാകുന്നതായി ബോട്ടുടമകൾ പറയുന്നു.

കടക്കെണിയിലേക്കെന്ന്

നിരോധനകാലത്ത് പലിശയ്ക്ക് പണമെടുത്താണ് ബോട്ടുകളുടെ അറ്റകുറ്റപ്പണികളും മറ്റും നടത്തിയത്. തൊഴിലാളികളാകട്ടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കുപോലും പണം വട്ടിപ്പലിശയ്ക്കെടുത്തത് ചാകര പ്രതീക്ഷിച്ചുതന്നെയാണ്. എന്നാൽ കാര്യമായി മത്സ്യവും ചെമ്മീനും ലഭിക്കാത്തത് ഇവരെ കൂടുതൽ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. അനുബന്ധ മേഖലയിലെ തൊഴിലാളികളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ധനമടിക്കുന്ന പണംപോലും ലഭിക്കാതെ ബോട്ടുടമകളും തൊഴിലാളികളും കടക്കെണിയിലാകുന്ന സാഹചര്യമാണ്.

കടലിൽ പോയ ഗിൽനെറ്റ്, ഫിഷിംഗ് നെറ്റ് ബോട്ടുകളൊന്നും ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. ഇത്തരം ബോട്ടുകൾ കടലിൽ പോയി ദിവസങ്ങൾക്കുശേഷമാണ് മടങ്ങിയെത്തുക. ഇത്തവണയും വലിയ രീതിയിൽ മത്സ്യംലഭിക്കുമെന്ന പ്രതീക്ഷയിലാണിവർ.