നെടുമ്പാശേരി: നെടുമ്പാശേരി സഹകരണ ബാങ്കിൽ കോൺഗ്രസ് ഡയറക്ടർ ബോർഡ് അംഗങ്ങൾ ക്രമക്കേടുകൾ നടത്തിയെന്ന് പ്രസിഡന്റായിരുന്ന പി.പി. ഐസക്ക് വെളിപ്പെടുത്തിയ സാഹചര്യത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് സി.പി.എം നെടുമ്പാശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
തുടർച്ചയായി കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ വായ്പ അനുവദിയ്ക്കുന്നതിൽ ഉൾപ്പടെ ക്രമക്കേടുകൾ നടക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. ഭരണത്തിന് നേതൃത്വം നൽകിയ പ്രസിഡന്റ് തന്നെ കോടികളുടെ അഴിമതി നടന്നതായി വെളിപ്പെടുത്തിയത് അതീവ ഗൗരവമാണ്. മൂല്യം കുറഞ്ഞ ഭൂമി ഈടുവച്ചും ഭരണ സമിതി അംഗങ്ങൾക്ക് ബിനാമി പേരുകളിൽ നിയമവിരുദ്ധ വായ്പ നൽകിയും വലിയ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ട്. സഹകരണ വകുപ്പ് നടപടി സ്വീകരിച്ചില്ലെങ്കിൽ സഹകാരികൾ കബളിപ്പിക്കപ്പെടും.
പ്രസിഡന്റായിരുന്ന പി.പി. ഐസക്ക് ആരോപിച്ച ക്രമക്കേടുകൾ മാത്രമല്ല, ബാങ്കുമായി ബന്ധപ്പെട്ട് കഴിഞ്ഞ കാലങ്ങളിലുണ്ടായ മറ്റ് ക്രമക്കേടുകളും പുറത്ത് കൊണ്ടുവരണമെന്ന് ലോക്കൽ സെക്രട്ടറി പി.സി. സോമശേഖരൻ ആവശ്യപ്പെട്ടു.