കോലഞ്ചേരി: ചിറ നവീകരണം പൂർത്തിയായപ്പോൾ വീട്ടിലെത്താനുള്ള വഴിയില്ലാതെ നാട്ടുകാർ പെരുവഴിയിൽ. മഴുവന്നൂർ പഞ്ചായത്ത് 15-ാം വാർഡ് എഴിപ്രം - ചിറപ്പടി കൂടിയാട്ട് റോഡ് വെട്ടിപ്പൊളിച്ചതോടെയാണിത്. ഇവിടെയുള്ള നെടുചിറ ശുചീകരിക്കാൻ വെള്ളം ഒഴുക്കി കളയുന്നതിനാണ് റോഡ് വെട്ടിപ്പൊളിച്ചത്. സ്കൂൾ ബസുകളടക്കം നിരവധി വാഹനങ്ങൾ നിത്യവും സർവീസ് നടത്തിയിരുന്ന വഴിയാണിത്.
നവീകരണം പൂർത്തിയാക്കി കരാറുകാരൻ മടങ്ങിയതോടെ റോഡിന്റെ കാര്യത്തിൽ തീരുമാനമായില്ല. ഇതോടെ മേഖലയിലെ നാല്പതോളം വരുന്ന വീട്ടുകാർ 4 കിലോമീറ്റർ ചുറ്റിയാണ് വീട്ടിലെത്തുന്നത്. നവീകരണം കഴിയുമ്പോൾ പുനഃസ്ഥാപിക്കുമെന്ന ഉറപ്പിലാണ് റോഡ് വെട്ടിപ്പൊളിച്ചത്. പണി പൂർത്തിയായി ഒരു മാസം പിന്നിടുമ്പോഴും റോഡിന്റെ കാര്യത്തിൽ തീരുമാനമില്ല. പരാതിയുമായി നാട്ടുകാർ പഞ്ചായത്തിലെത്തിയപ്പോൾ കരാറുകാരനെ കണ്ടെത്തി റോഡ് പണി പൂർത്തിയാക്കാനാണ് നിർദ്ദേശിച്ചതെന്ന് നാട്ടുകാർ പറയുന്നു. റോഡുപണിയേണ്ടത് പഞ്ചായത്താണെന്നും തന്റെ കരാറിന്റെ ഭാഗമല്ലെന്നുമാണ് കരാറുകാരന്റെ വാദം. ചിറ നവീകരിക്കാൻ കോരി മാറ്റിയ ചെളിയും മണ്ണും ചിറയുടെ സമീപം ജില്ലാ പഞ്ചായത്ത് നിർമിച്ച ഓപ്പൺ ജിംനേഷ്യത്തിന് സമീപമാണ് ഇട്ടിരിക്കുന്നത്. ഇതോടെ ഉദ്ഘാടനത്തിന് തയ്യാറായ ജിംനേഷ്യത്തിന്റെ കാര്യവും അധോഗതിയായി.
ജിംനേഷ്യത്തിനായുള്ള തറയുടെ ടൈൽ വർക്കുകൾ പൂർത്തിയാക്കിയതാണ്. വ്യായാമത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും ഓർഡർ ചെയ്തിട്ടുണ്ട്. ഉടൻ ഉപകരണങ്ങളെത്തും. തറക്ക് ചുറ്റും മണ്ണിട്ടിരിക്കുന്നത് മാറ്റാതെ ജിം പ്രവർത്തനം നടത്താനാകില്ല
ജെയിംസ് പാറക്കാട്ടിൽ,
പൊതുപ്രവർത്തകൻ