road
മൂവാറ്റുപുഴ നഗരത്തിലെ പൊട്ടിപൊളിഞ്ഞ റോഡ്

മൂവാറ്റുപുഴ: നീണ്ടുപോകുന്ന നഗര വികസനത്തിന്റെ ഭാഗമായി റോഡുകൾ തകർന്നുകിടക്കുന്നതിനാലും ഗതാഗതക്കുരുക്ക് രൂക്ഷമായതിനാലും നഗരത്തിലെ വ്യാപാരമേഖല നിശ്ചലമായ സാഹചര്യത്തിൽ സമരത്തിനൊരുങ്ങി വ്യാപാരികൾ. 14 ന് രാവിലെ 11 ന് മൂവാറ്റുപുഴ കച്ചേരിത്താഴത്ത് പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് ചെറുകിട വ്യാപാരി സമരസമിതി ഭാരവാഹികളായ ചെയർമാൻ നൗഷാദ് പ്ലാമൂട്ടിൽ, ജനറൽ സെക്രട്ടറി പി.എം. ഇബ്രാഹിം, വർക്കിംഗ് ചെയർമാൻ ജിയോ തോട്ടം, ട്രഷറർ ഷൈൻ എം. യോയാക്കി എന്നിവർ അറിയിച്ചു.

കച്ചേരിത്താഴം മുതൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെയുള്ള റോഡ് ഒരേ നിരപ്പിൽ ആക്കുന്ന ജോലി അടിയന്തരമായി പൂർത്തീകരിക്കുക, റോഡിലെ കുഴികൾ യുദ്ധകാലാടിസ്ഥാനത്തിൽ നികത്തുക, നിലവാരത്തിലുള്ള പബ്ലിക് ടോയ്‌ലെറ്റുകൾ സ്ഥാപിക്കുക. സോളാർ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുക, മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തുക തുടങ്ങി 13 ആവശ്യങ്ങളാണ് വ്യാപാരികൾ ഉയർത്തുന്നത്. സർക്കാർ ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന മെല്ലെപ്പോക്ക് നിലപാട് വ്യാപാരികൾക്ക് മാത്രമല്ല നാടിന്റെ പുരോഗതിക്ക് ആകെ തടമാണെന്നും വ്യാപാരികൾ ആരോപിച്ചു.