padam
പ്രതിരോധകുത്തിവയ്പുകളുടെ പ്രധാന്യം സംബന്ധിച്ച് ഐ.എം.എ കൊച്ചിയുടെ നേതൃത്വത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സയന്റിഫിക് ചെയർമാൻ ഡോ. രാജീവ് ജയദേവൻ സംസാരിക്കുന്നു. ഡോ.എം നാരായണൻ, ഡോ. ജേക്കബ്ബ് എബ്രഹാം, ഡോ. സച്ചിൻ സുരേഷ്, ഡോ. ബെൻസീർ ഹുസൈൻ, ഡോ. എം.ഐ ജുനൈദ് റഹ്മാൻ എന്നിവർ സമീപം

കൊച്ചി: പകർച്ചവ്യാധികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് പുറമേ മുതിർന്നവരും പ്രതിരോധകുത്തിവയ്പ്പുകൾ എടുക്കണമെന്ന് ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. ജേക്കബ്ബ് എബ്രഹാം പറഞ്ഞു. ഐ.എം.എ ഡോക്ടർമാരും കുടുംബങ്ങൾക്കുമായി സംഘടിപ്പിച്ച വാക്‌സിൻ ഡ്രൈവ് സംബന്ധിച്ച് വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിരോധ കുത്തിവയ്പുകൾ സർക്കാരിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ മാത്രമേ വാക്‌സിനുകളുടെ വില കുറയൂ. ഇൻഫ്ളുവൻസ, മഞ്ഞപ്പിത്തം, ചിക്കൻപോക്‌സ്, ഷിംഗിൾസ്, ബാക്ടീരിയൽ ന്യമോണിയ എന്നിവയ്‌ക്കെതിരെയുള്ള വാക്‌സിനുകൾ ഫലപ്രദമാണ്.

ഒമ്പതിനും 26 നുമിടയിൽ പ്രായമുള്ളവർ ഹ്യുമൻ പാപ്പിലോമ വൈറസിനെതിരെയുള്ള വാക്‌സിൻ എടുക്കണം. 60 കഴിഞ്ഞവർ ന്യുമോണിയ വാക്‌സിൻ എടുക്കുന്നത് വലിയ തോതിൽ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഐ.എം.എ സെക്രട്ടറി ഡോ. സച്ചിൻ സുരേഷ്, ട്രഷറർ ഡോ. ബെൻസീർ ഹുസൈൻ, സയന്റിഫിക്ക് ചെയർമാൻ ഡോ. രാജീവ് ജയദേവൻ, ഐ.എം.എ കൊച്ചി മുൻ പ്രസിഡന്റുമാരായ ഡോ. എം. ഐ ജുനൈദ് റഹ്മാൻ, ഡോ. എം. നാരായണൻ എന്നിവർ സംസാരിച്ചു.