swetha-menon

കൊച്ചി: അശ്ലീല ചിത്രത്തിൽ അഭിനയിക്കുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന പരാതിയിൽ നടി ശ്വേത മേനോനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരി നൽകിയ പരാതിയിൽ എറണാകുളം സി.ജെ.എം കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഐ.ടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവർത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. സിനിമയിലും പരസ്യങ്ങളിലും മറ്റും നഗ്നത പ്രദർശിപ്പിച്ച് അഭിനയിച്ചു, സമൂഹമാദ്ധ്യമങ്ങളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും ദൃശ്യങ്ങൾ പ്രചരിപ്പിച്ച് വരുമാനം നേടി എന്നിങ്ങനെ നീളുന്നതാണ് ആരോപണങ്ങൾ. ശ്വേത മേനോൻ അഭിനയിച്ച ചില സിനിമകളുടെയും പരസ്യത്തിന്റെയും പേരടക്കം പറഞ്ഞുകൊണ്ടാണ് പരാതി. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മത്സരിക്കുന്നതിനിടെയാണ് കേസ്.