കൊച്ചി: കേരള സർവകലാശാലാ സിൻഡിക്കേറ്റ് സസ്പെൻഷൻ പിൻവലിച്ചിട്ടും ക്യാമ്പസിൽ പ്രവേശിക്കുന്നതടക്കം വിലക്കിയ വി.സിയുടെ ഉത്തരവുകളെ ചോദ്യം ചെയ്ത് രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ ഫയൽ ചെയ്ത ഹർജിയിൽ ഇന്ന് വാദം തുടരും. ജസ്റ്റിസ് ടി.ആർ. രവിയാണ് ഹർജി പരിഗണിക്കുന്നത്. സിൻഡിക്കേറ്റ് യോഗത്തിന്റെ നിയമസാധുത മാത്രമാണ് പരിശോധിക്കുന്നതെന്ന് ഹർജി പരിഗണിക്കവേ കോടതി വ്യക്തമാക്കി. യോഗ നടപടികൾ റെക്കാർഡ് ചെയ്തിട്ടുണ്ടോ എന്നും ആരാഞ്ഞു. സസ്പെൻഷൻ ആവശ്യമില്ലെന്ന സിൻഡിക്കേറ്റ് തീരുമാനം അംഗീകരിച്ചാൽ വിഷയം തീരുമായിരുന്നില്ലേയെന്നും ചോദിച്ചു. എന്നാൽ, ഞായറാഴ്ച പ്രത്യേക യോഗം ചേർന്നാണു സിൻഡിക്കറ്റ് സസ്പെൻഷൻ പിൻവലിച്ചതെന്നും അജൻഡയിൽ നിന്നു മാറിയാണ് വിഷയം പരിഗണിച്ചതെന്നും വി.സിയുടെ അഭിഭാഷക വാദിച്ചു. വി.സിയുടെ വാദം പൂർത്തിയാകാത്തതിനാലാണ് ഹർജി ഇന്ന് പരിഗണിക്കാൻ മാറ്റിയത്.