road
റോഡുകൾ തകർന്നത് സംബന്ധിച്ച് കേരളകൗമുദി ജൂലായ് 18ന് പ്രസിദ്ധീകരിച്ച വാർത്ത

കൊച്ചി: ദിവസങ്ങൾ നീണ്ടുനിന്ന കനത്ത മഴയത്ത് പൊട്ടിപ്പൊളിഞ്ഞ സ്റ്റേഡിയം ലിങ്ക്റോഡിൽ നഗരസഭയുടെ തല്ലിപ്പൊളി റീടാറിംഗ്. ചെറിയമെറ്റലും ടാറും മിക്‌സ് കുഴികളിലിട്ട് ഉറപ്പിച്ചെങ്കിലും കഴിഞ്ഞദിവസം മുതൽ ഇത് പൊളിയാൻ തുടങ്ങി. തമ്മനം - പുല്ലേപ്പടി റോഡിലെ വിവിധ ഭാഗങ്ങളിലും കോർപ്പറേഷൻ നടത്തിയ താത്കാലിക ടാറിംഗും ഇളകിത്തുടങ്ങി.

ജൂലായ് അവസാനത്തോടെയാണ് കേരളകൗമുദി വാർത്തയക്ക് പിന്നാലെ ഇരു റോഡുകളുടെയും വിവിധ ഭാഗങ്ങളിൽ താത്കാലിക ടാറിംഗ് നടത്തിയത്.

എന്നാൽ സ്‌റ്റേഡിയം ലിങ്ക്റോഡിലേക്ക് പ്രവേശിക്കുന്ന കാരണക്കോടം ജംഗ്ഷനില വലിയ കുഴികൾപോലും അടച്ചിട്ടുമില്ല. സ്‌റ്റേഡിയം ലിങ്ക്റോഡിലും പലയിടത്തെയും കുഴികൾ അടച്ചിട്ടില്ല. കാരണക്കോടം ജംഗ്ഷനിലേക്ക് എത്തുന്നതിനു മുന്നേയുള്ള ചെറുപാലത്തിന്റെ സമീപവശങ്ങളും തകർന്നുകിടക്കുകയാണ്. കുടിവെള്ള പദ്ധതിക്കായി കുഴിച്ച ഭാഗങ്ങളും ഇതുവരെ റീ ടാറിംഗ് നടത്തിയില്ല.

രാവിലെയും വൈകിട്ടും തിരക്കേറിയ ഇവിടെ വൻ ഗതാഗതക്കുരുക്കാണ്.

എം.ജി റോഡിനെയും ദേശീയപാത ബൈപ്പാസിനെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയാണിതെന്നതിനാൽ ഈ റോഡിലൂടെ നിരവധി വാഹനങ്ങളാണ് ഇടതടവില്ലാതെ കടന്നുപോകുന്നത്. പാലാരിവട്ടം, വൈറ്റില, ബൈപ്പാസ്, തമ്മനം- പുല്ലേപ്പടി റോഡ് എന്നിവിടങ്ങളിൽനിന്ന് വാഹനങ്ങൾ കൂട്ടത്തോടെ എത്തുന്നയിടമാണ് സ്റ്റേഡിയം ലിങ്ക്റോഡ്. ഒന്നര വർഷത്തിനിടെ ആറുതവണയാണ് ഇതേ സ്ഥലങ്ങളിൽ കുഴിയടച്ചത്.

* ബി.എം ബി.സി വാഗ്ദാനം

സ്‌റ്റേഡിയം ലിങ്ക്റോഡ്, തമ്മനം പുല്ലേപ്പടി റോഡ്, കാരണക്കോടം ജംഗ്ഷൻ എന്നിവിടങ്ങളിൽ ബി.എം ബി.സി ടാറിംഗ് നടത്തുമെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി. സി.എസ്.എം.എല്ലുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുക. എന്നാൽ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എന്നത്തേക്ക് തുടങ്ങുമെന്ന് അധികൃതർക്കാർക്കും അറിയില്ല. മഴക്കാലം അവസാനിക്കുന്നതിനു പിന്നാലെ ടാറിംഗ് തുടങ്ങിയേക്കും.


* ആരാണ് ഉത്തരവാദി

തമ്മനം - പുല്ലേപ്പടി റോഡ് വീതികൂട്ടൽ പദ്ധതിക്കായി പി.ഡബ്ല്യു.ഡിക്ക് കൈമാറിയതിനാൽ ശാശ്വതപരിഹാരം കാണേണ്ടത് അവരാണെന്നായിരുന്നു കോർപ്പറേഷന്റെ വാദം. വീതികൂട്ടൽ നടപടികളിലേയ്ക്ക് കടന്നിട്ടില്ലാത്തതിനാൽ റോഡ് നന്നാക്കേണ്ടത് കോർപ്പറേഷനാണെന്ന് പി.ഡബ്ല്യു.ഡിയും. ഇതിനെതിരെ ജനങ്ങളുടെ വലിയ പ്രതിഷേധമുയർന്നതോടെയാണ് തട്ടിക്കൂട്ട് ടാറിംഗ് നടത്തിയത്.